ഗുരുവായൂരില്‍ വിവാഹത്തിനെത്തുന്നവരുടെ ശുചിത്വ പരിപാലനത്തിന് നഗരസഭ

post

തൃശ്ശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹ രജിസ്‌ട്രേഷന് എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ നഗരസഭ ജീവനക്കാര്‍ സൗകര്യമൊരുക്കി. ജനങ്ങളുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിന് നഗരസഭ തന്നെ മുന്നിട്ടിറങ്ങുന്നത് കോവിഡ് 19 ബാധയുടെ കാര്യഗൗരവം കണക്കിലെടുത്താണ്. ലോഡ്ജുകളില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കായി അവര്‍ക്ക് നല്‍കുന്ന കുടിവെള്ളം, ഭക്ഷണം എന്നിവ അണുവിമുക്തമാക്കിയതാണോ എന്ന് പരിശോധിക്കും.

'ജാഗ്രതയോടെ മുന്നേറാം നമുക്കൊറ്റക്കെട്ടായ്' എന്ന ആഹ്വാനത്തോടെയാണ് ഗുരുവായൂര്‍ നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. നഗരസഭ ആരോഗ്യ കേന്ദ്രവും പൂക്കോട്, തൈക്കാട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും സഹകരിച്ചുകൊണ്ടുള്ള കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. ഹരിതകര്‍മ്മ സേനയും കുടുംബശ്രീയും ചേര്‍ന്ന് ഗുരുവായൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു. വാട്ടര്‍ ടാങ്ക്, വാഷ്‌ബേസിന്‍, ഹാന്റ് വാഷ്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി നഗരത്തില്‍ ഒരുക്കിയിട്ടുണ്ട്.