ബ്രേയ്ക്ക് ദി ചെയിന്‍ ക്യാമ്പയിനിന് പൊന്നാനി നഗരസഭയിലും തുടക്കമായി

post

മലപ്പുറം: കോവിഡ്  19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പൊന്നാനിയിലും കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭാ ഓഫീസ്, ബസ് സ്റ്റാന്റ്, പുതുപൊന്നാനി, കൊല്ലന്‍പ്പടി, ചന്തപ്പടി, ചമ്രവട്ടം, കുണ്ടുകടവ് ജംങ്ഷന്‍ തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് നഗരസഭ പൊതുജനങ്ങള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. നഗരസഭാ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഹാന്‍ഡ് വാഷാണ് ഇതിനായി  ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ്  19 വ്യാപനത്തിനെതിരെ നടക്കുന്ന ബ്രേക്ക് ദി ചെയിന്‍ ചലഞ്ചിന്റെ ഭാഗമായാണ്  നഗരസഭ പ്രധാന ഇടങ്ങളില്‍ കൈ കഴുകാനുള്ള സൗകര്യം ഒരുക്കിയത്. വൈറസ് വ്യാപനത്തിനെതിരെ മുഴുവന്‍ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 17) മുതല്‍ മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പോഷക സമിതികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോധവത്ക്കരണത്തിനായി നഗരസഭയുടെ വിളംബര വാഹനം  നഗരത്തില്‍  പ്രചരണം നടത്തുന്നുണ്ട്. നഗരസഭ പരിധിയിലെ ഉന്നത തല യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. നഗരസഭാ ഓഫീസിനു മുന്നില്‍ വച്ച കൈ കഴുകുന്ന സംവിധാനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.