95 ശതമാനം മാര്‍ക്കോടെ എന്‍.ക്യു.എ.എസ് അംഗീകാരം നിലനിര്‍ത്തി ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം

post

മലപ്പുറം: രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഗുണനിലവാരത്തിന് ലഭിക്കുന്ന അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പദവി നിലനിര്‍ത്തി ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം. 2019 ല്‍ ലഭിച്ച അംഗീകാരമാണ് 95 ശതമാനം മാര്‍ക്കോടെ ചാലിയാര്‍ കുടുംബാരോഗ്യകേന്ദ്രം നിലനിര്‍ത്തിയത്. മൂന്നുവര്‍ഷമാണ് ഈ ദേശീയ അംഗീകാരത്തിന്റെ കാലാവധി. 2022 നവംബര്‍ 16 ,17 തീയതികളില്‍ ദേശീയ ടീം ചാലിയാര്‍കുടുംബരോഗ്യ കേന്ദ്രത്തില്‍ എത്തുകയും മൂല്യനിര്‍ണയം ചെയ്തിരുന്നു.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷം നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ (എന്‍.എച്ച്.എസ്.ആര്‍.സി) നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.


ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. എന്‍.ക്യു.എ.എസ് അംഗീകാരത്തിന് പുറമേ കായകല്‍ല്‍പ് അംഗീകാരം, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കെ.എ.എസ്.എച്ച് (കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ്) അംഗീകാരം തുടങ്ങിയവയും ഈ സ്ഥാപനത്തിന് ലഭിച്ചു.

ഓരോ വര്‍ഷവും രണ്ട് ലക്ഷം രൂപ എന്ന നിരക്കില്‍ മൂന്നുവര്‍ഷത്തേക്ക് 6 ലക്ഷം രൂപയാണ് അവാര്‍ഡ് തുകയായി സ്ഥാപനത്തിന് ലഭിക്കുക. ഈ തുക സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ജീവനക്കാരുടെ തുടര്‍ പരിശീലന പരിപാടികള്‍ക്കും ചിലവഴിക്കാം. ജീവിത ശൈലീ രോഗ നിയന്ത്രണത്തിനായി ഓപ്പണ്‍ ജിം പോലുളള സൗകര്യങ്ങളും ഈ ആരോഗ്യസ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.