തവനൂർ പഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കം

post

തവനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ട്വിംഗിൾ ദി എഡു ബിനാലെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന് തുടക്കമായി. പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക, അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും തനതു പരിശീലന പരിപാടികളും വിജ്ഞാനപ്രദമായ പ്രദർശനങ്ങളും ഒരുക്കുക, തവനൂരിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ശക്തിപ്പെടുത്തുക, കുട്ടികൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും മികച്ച അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യങ്ങളാടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഞ്ചു ദിവസങ്ങളിലായി തവനൂർ പാപിനിക്കാവ് മൈതാനം, കെ.എം.ജി.വി.എച്ച്.എസ്.എസ് മൈതാനം എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസ മഹോത്സവം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പത്തു സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്.

പ്രദർശന പരിശീലന പരിപാടികളുടെ അനുബന്ധമായി വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയേയും സ്പർശിക്കുന്ന പരിശീലനങ്ങൾ, ശില്പശാലകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാകായിക മത്സരങ്ങൾ എന്നിവയും മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളുടെ ഉൾപ്പടെ അൻപതോളം സ്റ്റാളുകളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ജനുവരി 8 വരെ നീണ്ടു നിൽക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.