ഇവിടെയുണ്ട് നാളെയുടെ എന്‍ജിനീയര്‍മാര്‍

ഐ.എന്‍.എസ് വിക്രാന്ത് മുതല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ വരെ. കയ്യൂര്‍ ഫെസ്റ്റില്‍ ചെറുവത്തൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളിലെ കാഴ്ചകള്‍ ഏവരെയും അത്ഭുതപ്പെടുത്തും. നാളെയുടെ എന്‍ജിനീയര്‍മാര്‍ തങ്ങളുടെ കണ്ടുപിടിത്തങ്ങളുമായി ഇവിടുണ്ട്. സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയ ചെയര്‍ വിത്ത് ലാഡറാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മൂന്നു മണിക്കൂര്‍ കൊണ്ട് നിര്‍മിച്ച ഈ ചെയര്‍ അതിവേഗം ലാഡര്‍ ആക്കി മാറ്റാനും സാധിക്കുന്നു.
രാത്രി ആയാല്‍ തനിയെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിയുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് മാതൃകയും ശ്രദ്ധിക്കപ്പെടുന്നു. കിടപ്പു രോഗികള്‍ക്ക് വായു കൊണ്ട് വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന എമര്‍ജെന്‍സി അലാറം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. വെല്‍ഡിംഗ്, ഫിറ്റിംഗ് അടക്കം സകല ടെക്നിക്കല്‍ ജോലികള്‍ക്കും ആവശ്യമായ ടൂളുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ടാങ്കിലെ വെള്ളം തീര്‍ന്നാല്‍ തനിയെ മോട്ടോര്‍ ഓണ്‍ ആകുന്നതിനും നിറയുമ്പോള്‍ ഓഫ് ആകുന്നതിനും സഹായിക്കുന്ന വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍ മറ്റൊരു ആകര്‍ഷണമാണ്.
പത്തു മീറ്ററിനുള്ളില്‍ നിന്ന് ഫോണ്‍ ഉപയോഗിച്ച് ഗാര്‍ഹിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യയടക്കം സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവര്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നു. ഒപ്പം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കരകൗശല വസ്തുക്കള്‍, ഷീറ്റ് മെറ്റല്‍ കൊണ്ട് നിര്‍മിച്ച ഉപകരണങ്ങള്‍, എന്‍ജിന്‍ മാതൃകകള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത കാഴ്ച്ചകള്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിന്റെ സ്റ്റാളിന്റെ പ്രത്യേകതയാണ്.
എന്‍ജിന്‍ പ്രവര്‍ത്തനം തൊട്ട് ഓള്‍ ഇന്‍ വണ്‍ റോബോട്ട് വരെ
വാഹനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ ആഗ്രഹം ഇല്ലാത്തവരായി ആരും കാണില്ല. ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കയ്യൂര്‍ ഫെസ്റ്റിലെ കയ്യൂര്‍ ഐ.ടി.ഐയുടെ പ്രദര്‍ശന സ്റ്റാളിലേക്ക് എത്തിയാല്‍ മതി. സ്റ്റാര്‍ട്ട് ചെയ്ത വാഹനങ്ങളുടെ പിസ്റ്റണിന്റെ പ്രവര്‍ത്തനം ഇവിടെ എത്തുന്നവര്‍ക്ക് കാണാം. ഒപ്പം വാഹനത്തിന്റെ ഗിയറുകള്‍ മാറ്റുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അടക്കം ഇവിടെ കാണാന്‍ കഴിയും.
ശബ്ദം കൊണ്ട് വരെ നിയന്ത്രിക്കാന്‍ കഴിയുന്ന ഓള്‍ ഇന്‍ വണ്‍ റോബോട്ട് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ് ഈ റോബോട്ടിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. ഒട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍ , ഡാമുകളുടെ പ്രവര്‍ത്തന രീതി വിവരിക്കുന്ന മാതൃകയും ആകര്‍ഷണങ്ങളാണ്. ഗതാഗത കുരുക്കി നനുസരിച്ച് ട്രാഫിക് നിയന്ത്രിക്കുന്ന ഒട്ടോമാറ്റിക് ട്രാഫിക് സര്‍ക്കിളും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു.