മനസ്സ് നിറയെ കാഴ്ചകള്‍ കണ്ട് ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിലേക്ക് ഒരു യാത്ര പോയാലോ എന്ന ചോദ്യത്തില്‍ മനസ്സ് നിറയെ കൗതുകവും സന്തോഷവും ആകാംക്ഷയും നിറച്ച് നില്‍ക്കുകയായിരുന്നു ബീഫാത്തിമയും രാംജിത്തും മറിയുമ്മത്ത് ജുമാനയും. ദിവസങ്ങള്‍ എണ്ണി കാത്തിരുന്നവര്‍ക്ക് അങ്ങനെ ആഗ്രഹം സഫലമായി. ജനാരവങ്ങളും പാര്‍ക്കും ബീച്ചും പ്രദര്‍ശനങ്ങളും കലാപരിപാടികളും ആവോളം ആസ്വദിച്ചു. കാസര്‍കോട് ബഡ്‌സ് സ്‌കൂളിലെ ആറ് കുട്ടികളും രക്ഷിതാക്കളും അധ്യാപികയും ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലെത്തി മനസ്സ് നിറയെ കാഴ്ചകള്‍ കണ്ടാണ് മടങ്ങിയത്.
മറിയുമ്മത്ത് ജുമാന, ഫാത്തിമത്ത് ജുമാന, അബ്ദു റഹ്‌മാന്‍, സുസ്മിത, ബീഫാത്തിമ, രാംജിത്ത് എന്നിവര്‍ ഫെസ്റ്റിവല്‍ ചുറ്റിക്കണ്ട് രാത്രിയാണ് മടങ്ങിയത്. പൂര്‍ണ പിന്തുണയുമായി ബഡ്‌സ് സ്‌കൂള്‍ അധ്യാപിക എ.വിനീതയും കൂടെയുണ്ടായിരുന്നു. ക്ലാസില്‍ നിന്നും പുറത്തിറങ്ങി കാഴ്ചകള്‍ കാണാനാണ് എല്ലാവര്‍ക്കും താത്പര്യമെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ കുട്ടികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും വിനീത പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍കൈ എടുത്താണ് കുട്ടികളെ ഫെസ്റ്റിവലിലെത്തിച്ചത്.
അലയടിച്ച് ആഘോഷത്തിര അതുല്യമായ സേവനങ്ങളുമായി ഹരിത കര്‍മ്മ സേന
ഓരോ ദിവസവും പതിനായിരങ്ങളാണ് ബേക്കല്‍ ബീച്ചിലെത്തുന്നത്. നാടിനൊപ്പം ആഘോഷത്തെ വരവേറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകള്‍ ബേക്കലിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ ബേക്കലിനെ ക്ലീനാക്കാന്‍ അതുല്യമായ സേവനങ്ങളാണ് ഹരിത കര്‍മ്മസേന കാഴ്ച വെയ്ക്കുന്നത്. ദിവസവും രാവിലെ 8 ആകുമ്പോഴേയ്ക്കും ഇവര്‍ ബീച്ചില്‍ എത്തും.
കടലാസ് മുതല്‍ പ്ലാസ്റ്റിക്ക്, കുപ്പി തുടങ്ങി എല്ലാ മാലിന്യങ്ങളും ഇവര്‍ ശേഖരിക്കും. അജാനൂര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളാണ് ബീച്ചിനെ ക്ലീനാക്കാന്‍ കര്‍മനിരതരായി പണിയെടുക്കുന്നത്. ദിവസവും 15 പേരടങ്ങിയ ടീം ആണ് ശുചീകരണം നടത്തുന്നത്.