സംസ്ഥാന വ്യാപകമായി പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പ് മോക്ക്ഡ്രിൽ 29ന്

post

കേരളത്തിലെ പ്രളയ-ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ഡിസംബർ 29ന് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ 14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും മോക്ക്ഡ്രില്ലിൽ പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ പ്രളയ സാധ്യത മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മോക്ക്ഡ്രില്ലുമാണ് ആസൂത്രണം ചെയ്യുന്നത്. തൃശൂർ, പത്തനംതിട്ട ജില്ലകളിൽ പ്രളയത്തോടൊപ്പം അണക്കെട്ടുകളിൽ നിന്ന് അധിക ജലം ഒഴുക്കി വിടുന്ന സാഹചര്യം കൂടി ഉൾപ്പെടുത്തിയാണ് മോക്ക്ഡ്രിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിൽ പ്രളയത്തിൽ വ്യവസായ ശാലകളിൽ നിന്നുള്ള വിഷപദാർത്ഥങ്ങൾ ലീക്ക് ചെയ്യുന്ന സാഹചര്യത്തെയും മോക്ക്ഡ്രില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ പ്രവർത്തനം, കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തപ്പെടും.

സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കൽപ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക നിരീക്ഷകൻ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ ഇരുന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കും. വിവിധ കേന്ദ്ര സേനകളിൽ നിന്നുള്ള പ്രതിനിധകൾ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷകരായി ഉണ്ടാവും. വ്യോമസേനയുൾപ്പെടെയുള്ള കേന്ദ്ര രക്ഷാസേനകളുടെ രക്ഷാപ്രവർത്തനം

2018 ലെ പ്രളയ സാഹചര്യത്തിൽ വേണ്ടി വന്നത് പോലെയുള്ള ആകാശമാർഗമുള്ള ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും എത്തിക്കുന്ന 'എയർ ഡ്രോപ്പിംഗ്' തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടെ മോക്ക്ഡ്രില്ലിൻറെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

വിവിധ ജില്ലകളിൽ തിരഞ്ഞെടുത്തിട്ടുള്ള പ്രദേശങ്ങൾ 

തിരുവനന്തപുരം ജില്ലയിൽ ചെങ്കൽ, പൂവച്ചൽ, വെള്ളനാട്, കടയ്ക്കാവൂർ, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. കഠിനംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്താണ് എയർഡ്രോപ്പും ആകാശമാർഗമുള്ള രക്ഷാപ്രവർത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊല്ലം ജില്ലയിൽ കൊല്ലം കോർപറേഷൻ, കൊട്ടാരക്കര മുൻസിപ്പാലിറ്റി, കുന്നത്തൂർ, തെന്മല, പന്മന എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുക.

പത്തനംതിട്ട ജില്ലയിൽ പെരുനാട്, ചിറ്റാർ, ചെന്നീർക്കര, കല്ലൂപ്പാറ, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി, കടക്കരപ്പള്ളി, വെണ്മണി, ചെറുതന, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

കോട്ടയം ജില്ലയിൽ പാലാ മുൻസിപ്പാലിറ്റി, കൂട്ടിക്കൽ, തിരുവാർപ്പ്, ഉദയനാപുരം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് ഉരുൾപൊട്ടൽ-പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിൽ കട്ടപ്പന മുൻസിപ്പാലിറ്റി, കുടയത്തൂർ, നെടുങ്കണ്ടം, മൂന്നാർ, കുമിളി എന്നീ പഞ്ചായത്തുകളിലാണ് ഉരുൾപൊട്ടൽ-പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. ലൂയിസ് ബ്രെയ്‌ലി മെമ്മോറിയൽ സ്കൂൾ കുടയത്തൂർ, ഉടുമ്പുഞ്ചോല താലൂക്ക് ഓഫിസ്, മൂന്നാർ എഞ്ചിനീയറിംഗ് ഗ്രൗണ്ട്, വണ്ടിപ്പെരിയാർ സത്രം, കട്ടപ്പന മുൻസിപ്പൽ ഗ്രൗണ്ട്എ എന്നിവടങ്ങളിലാണ് എയർഡ്രോപ്പും ആകാശമാർഗമുള്ള രക്ഷാപ്രവർത്തനവും ആസൂത്രണം ചെയ്തിരിക്കുന്നത്.

എറണാകുളം ജില്ലയിൽ ചെങ്ങമനാട്, മുവാറ്റുപുഴ, മുവാറ്റുപുഴ, തൃക്കാക്കര, ഒക്കൽ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. സതേൺ മിനറൽസ് ആൻഡ് കെമിക്കൽസിൽ നിന്ന് പെരിയാറിലേക്ക് രാസപദാർത്ഥം ലീക്ക് ചെയ്യുന്നത് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ പടിയൂർ, തൃശൂർ കോർപറേഷൻ, ചാവക്കാട് മുൻസിപ്പാലിറ്റി, ചാലക്കുടി മുൻസിപ്പാലിറ്റി, കുന്നംകുളം മുൻസിപ്പാലിറ്റി എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

പാലക്കാട് ജില്ലയിൽ മലമ്പുഴ, നെന്മാറ, ആലത്തൂർ, കാഞ്ഞിരപ്പുഴ, അമ്പലപാറ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ഉരുൾപൊട്ടൽ-പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ കവനൂർ, പൊന്നാനി മുൻസിപ്പാലിറ്റി, മമ്പാട്, വാഴക്കാട്, പുലാമന്തോൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഒളവണ്ണ, കൊടുവള്ളി, അരിക്കുളം, മാവൂർ, തിരുവള്ളൂർ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

വയനാട് ജില്ലയിൽ അമ്പലവയൽ, തിരുനെല്ലി, വൈത്തിരി, കൽപ്പറ്റ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ഉരുൾപൊട്ടൽ-പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

കണ്ണൂർ ജില്ലയിൽ ഉളിക്കൽ, ചിറക്കൽ, കുഞ്ഞിമംഗലം, എരഞ്ഞോളി, ശ്രീകണ്ഠപുരം എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.

കാസറഗോഡ് ജില്ലയിൽ നീലേശ്വർ, ചെമ്മനാട്, കയ്യൂർ, മഞ്ചേശ്വരം, കല്ലാർ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് പ്രളയ സാധ്യത മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.