പെരിന്തല്‍മണ്ണ ബ്ലോക്കില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങിന് തുടക്കം

പെരിന്തല്‍മണ്ണ ബ്ലോക്കില്‍ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങിന് തുടക്കമായി. ബ്ലോക്കിലെ ആദ്യ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പുലാമന്തോള്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ പനങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായിരുന്നു. സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ് പേഴ്സണ്‍ സുചിത്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓഡിറ്റ് കണ്ടെത്തലുകള്‍ക്ക് പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ മറുപടി നല്‍കി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തികളും ആറു മാസത്തിലൊരിക്കല്‍ ഗ്രാമസഭ സോഷ്യല്‍ ഓഡിറ്റ് ചെയ്യണമെന്ന നിയമത്തിന്റെ ഭാഗമായാണ് സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. ഫയല്‍ പരിശോധന, ഫീല്‍ഡ് തല പരിശോധന, തൊഴിലാളികളില്‍ നിന്ന് നേരിട്ട് വിവരശേഖരണം, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ സംഘടിപ്പിക്കല്‍, പബ്ലിക് ഹിയറിങ് എന്നിവയാണ് സോഷ്യല്‍ ഓഡിറ്റിലെ വിവിധ ഘട്ടങ്ങള്‍. എല്ലാ വാര്‍ഡിലെയും ഗ്രാമസഭകള്‍ക്ക് ശേഷം പഞ്ചായത്ത് തലത്തിലാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്. ഇതിന് ശേഷം കണ്ടെത്തലുകള്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (എം.ഐ.എസ്) ചേര്‍ക്കുകയും ചെയ്യും. സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചര്‍ച്ച ചെയുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വേദി കൂടിയാണ് പബ്ലിക് ഹിയറിങ്.