വയനാട് വിവിധ സ്കൂളുകൾക്ക് പുതുജീവന്‍

post

പുലിക്കാട് എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പുലിക്കാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രാഥമിക വിദ്യാലയങ്ങൾ കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന ഇടങ്ങളാണ്. കൗതുക കാഴ്ചകൾ കണ്ടറിയാൻ എത്തുന്ന കുഞ്ഞുങ്ങൾ ജീവിതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കുന്നത് ഈ ഘട്ടത്തിലാണ്.

ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ച ലക്ഷ്യം വെച്ചുള്ള പഠന പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ കുട്ടികൾക്ക് നൽകേണ്ടത്. ഇതിന് അനിവാര്യമായ രീതിയിലാണ് ശാസ്ത്രീയമായി പാഠ്യപദ്ധതികൾ പരിഷ്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഇതിനായി മെച്ചപ്പെടണം. പിന്നിട്ട ആറ് വർഷത്തിനകം സംസ്ഥാനത്ത് 3000 കോടി രൂപ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൽകിയതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.


പാൽവെളിച്ചം ഗവ. എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പാൽവെളിച്ചം ഗവ. എൽ.പി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയർ സി.എസ് അമൃത റിപ്പോർട്ട് അവതരണം നടത്തി. കോൺട്രാക്ടർ ലൗലി തോമസിനെ ചടങ്ങിൽ ആദരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അറുപത്തിനാലര ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 4 ക്ലാസ് റൂമും ഒരു ഓഫീസ് റൂമും അടങ്ങുന്നതാണ് പുതിയ കെട്ടിടം. 



അരണപ്പാറ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

അരണപ്പാറ ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. ജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായ അരണപ്പാറയിലെ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയം കൂടിയായാണ് സ്‌ക്കൂള്‍. ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം അണിയിച്ചൊരുക്കിയത്. 3 ക്ലാസ് റൂമും ഒരു സ്റ്റാഫ് റൂമും ഓപ്പണ്‍ സ്റ്റേജും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ചടങ്ങില്‍ ഒ. ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.