തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നീര്‍ത്തട നടത്തം

ആലപ്പുഴ: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തുടക്കം. വാരനാട് നീര്‍ത്തടത്തില്‍പ്പെട്ട വാരനാട് മാക്ഡവല്‍ പൂത്തോട്ട തോട്ടിലാണ് പദ്ധതിയുടെ ആദ്യ പ്രവര്‍ത്തനം തുടങ്ങിയത്.ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച നീര്‍ത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള ഉദ്ഘാടനം ചെയ്തു. പദ്ധതിയില്‍ ഗ്രാമപഞ്ചായത്തിലെ നാല് നീര്‍ത്തടങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ഉദയസിംഹന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന സുര്‍ജിത്, ഹരിത കേരളം മിഷന്‍, ഇറിഗേഷന്‍ വകുപ്പ്, കൃഷി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും നീര്‍ത്തട നടത്തത്തില്‍ പങ്കെടുത്തു.