വണ്ടൂർ ഹോമിയോ കാൻസർ ആശുപത്രിയിൽ ഓൺലൈൻ വീഡിയോ കൺസൾട്ടേഷനും മരുന്നുകൾ തപാലിലും

post

സംസ്ഥാനത്തെ ഏക ഹോമിയോ കാൻസർ ആശുപത്രിയായ വണ്ടൂർ കരുണാലയപ്പടിയിലെ ഗവ. ഹോമിയോപ്പതിക് കാൻസർ സെൻ്ററിൽ ഇനി മുതൽ ഓൺലൈൻ വീഡിയോ കൺസൾട്ടേഷനും, മരുന്നുകൾ തപാൽ മാർഗം അയക്കുന്ന സംവിധാനത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഒരു കോടി ചെലവിൽ നിർമിക്കുന്ന പുതിയ പേവാർഡ് ബ്ലോക്ക്, ഐസൊലേഷൻ വാർഡ് തുടങ്ങിയവയുടെ ഉദ്ഘാടനം എ.പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മൽ അധ്യക്ഷനായി.

ഇടുക്കിയിലുള്ള രോഗിയുമായി സംസാരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ ഓൺലൈൻ വീഡിയോ കൺസൾട്ടേഷൻ ഉദ്ഘാടനം ചെയ്തു. കൊല്ലത്തുള്ള രോഗിക്ക് മരുന്നയച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം മരുന്നുകൾ തപാൽ മാർഗ്ഗം അയക്കുന്ന സംവിധാനം ഉദ്ഘാടനം ചെയ്തു. കാൻസർ ന്യൂസ് ലെറ്റർ ഹോമിയോപതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കവിതാ പുരുഷോത്തമൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് 50,000 രൂപ ചെലവിൽ നിർമിച്ച ഭിന്നശേഷി ശൗചാലയം ജില്ലാ പഞ്ചായത്തംഗം എ.പി ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു.