സൂര്യാഘാതം: ജോലി സമയം പുനഃക്രമീകരിച്ചു

post

ആലപ്പുഴ: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി. ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുളള സമയത്തിനുളളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുളള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും.

സൂര്യാഘാതം ഏല്‍ക്കുന്നതിന് സാധ്യതയില്ലാത്ത സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. തൊഴില്‍ മേഖലകളിന്മേല്‍ നിര്‍ദ്ദേശം തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.