വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

post

പഠനത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. പട്ടിക്കാട് പീച്ചി ഗവ.എൽ പി സ്കൂൾ, പുവൻചിറ - പീച്ചി ഗവ.ട്രൈബൽ എൽപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി 930 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും.

ഇഡലി - ദോശ - സാമ്പാർ, പുട്ട്- പഴം, അപ്പം - മുട്ടക്കറി, ഉപ്പ്മാവ് തുടങ്ങിയവയാണ് പ്രഭാതഭക്ഷണമായി നൽകുക. ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2022 - 23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പത്ത് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. പട്ടിക്കാട് ഗവ.എൽ പി സ്കൂളിൽ നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രവിന്ദ്രൻ നിർവഹിച്ചു.