വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡ് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണം പൂർത്തിയായി. ഡിസംബർ 17ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. 1.79 കോടി രൂപയാണ് ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണ ചിലവ്. എം എൽ എ ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തി കിഫ്ബി മുഖേനയാണ് വാർഡ് ഒരുക്കിയത്. നിപ - കോവിഡ് മഹാമാരികളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 140 ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 15 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് 17ന് നടക്കുന്നത്.
വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുവേണ്ടിയുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. 10 കിടക്കകളുടെ സൗകര്യമുണ്ടാകും. 2400 സ്ക്വയർ ഫീറ്റിൽ പ്രീ-ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചെയർമാനായി 101 സംഘാടക സമിതി രൂപീകരിച്ചു.