കൈത്തറി ഉൽപാദന ചെലവ് കുറക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിക്കും

post

കണ്ണൂർ: കൈത്തറി മേഖലയിലെ ഉൽപാദന ചെലവ് കുറക്കാനുള്ള നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്‌ന പരിഹാരം നിർദേശിക്കാനും സർക്കാർ നിയോഗിച്ച സംഘം ജില്ലയിൽ കൈത്തറി സംഘങ്ങൾ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

കൈത്തറി മേഖലയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യം. അതിനായി നിലവിലെ ചില പദ്ധതികളിൽ ഉൾപ്പടെ ആവശ്യമായ മാറ്റം വരുത്തേണ്ടി വരും. ഉൽപാദന ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം. അതിനാൽ ആധുനിക സങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉൽപാദന ചെലവ് കുറക്കാനുള്ള മാർഗങ്ങൾ സമിതി സർക്കാരിനെ അറിയിക്കും.

ചെലവ് കുറയുമ്പോൾ വിപണിയിൽ മറ്റ് ഉൽപ്പന്നങ്ങളുമായി മത്സരിക്കാനാകും. വിപണി കീഴടക്കാൻ വൈവിധ്യപൂർണമായ ശ്രമങ്ങൾ സംഘങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ സീസണുകളിലാണ് കൂടുതലായും വിൽപ്പന നടത്തുന്നത്. പകരം എല്ലാ സമയത്തും മെച്ചപ്പെട്ട വ്യാപാരം ഉണ്ടാക്കാനാകണം. വിദേശ രാജ്യങ്ങളിൽ കൈത്തറിക്ക് മികച്ച സ്വീകാര്യതയുണ്ട്. കൈ കൊണ്ട് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ലോകത്താകെ ആവശ്യക്കാർ ഏറെയാണ്. അതിനാൽ കയറ്റുമതി വർധിപ്പിക്കാനുള്ള നിർദേശങ്ങളും സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കി.

സംസ്ഥാന ഹാൻഡ്ലൂം ഡയറക്ടർ കെ എസ് അനിൽകുമാർ, ഹാൻടെക്സ് പ്രസിഡണ്ട് കെ മനോഹരൻ, മുൻ ഹാൻഡ്ലൂം ഡയറക്ടർ കെ എസ് പ്രദീപ്കുമാർ, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി അസി. പ്രൊഫസർ പി ആർ ദിവ്യ, കണ്ണൂർ വീവേഴ്‌സ് സർവീസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ എസ് ടി സുബ്രഹ്മണ്യൻ എന്നിവരാണ് സമിതിയിലുള്ളത്.

കണ്ണൂർ കെടിഡിസി ലൂം ലാൻഡ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി സംഘങ്ങൾ, കണ്ണൂർ ഹാന്റ് വീവ്, കൈത്തറി കയറ്റുമതിക്കാർ, കണ്ണൂർ ഐ ഐ എച്ച് ടി, ജില്ലാ കൈത്തറി വികസന സമിതി തുങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. ഇവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും സമിതിയെ അറിയിച്ചു. മുഴുവൻ കാര്യങ്ങളും സർക്കാരിലേക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് സംഘം അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് സംസാരിച്ചു. വ്യാഴാഴ്ചയാണ് വിദഗ്ധ സമിതി ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങൾ സന്ദർശിച്ചത്.


ദേശീയ കൈത്തറി ഫാഷൻ ഷോ: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ ഐ എച്ച് ടി) കോളേജ് ഓഫ് കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങുമായി ചേർന്ന് ഫെബ്രുവരിയിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന ദേശീയ ഫാഷൻ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. മുതിർന്ന കൈത്തറി തൊഴിലാളി എലിയൻ ശങ്കരൻ ഹാൻടെക്സ് പ്രസിഡണ്ട് കെ മനോഹരന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

കൈത്തറി മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുക. ഫാഷൻ, സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ ഫാഷൻ ടെക്നോളജി കോളേജുകൾ മത്സരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 എന്നിങ്ങനെ സമ്മാനമായി നൽകും.