ലോക വിപണി കീഴടക്കാന്‍ കൈത്തറി സംഘങ്ങള്‍

post

കണ്ണൂർ: പരമ്പരാഗത കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ലോക വിപണിയില്‍ കൂടുതല്‍ സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാരും വ്യവസായ വാണിജ്യ വകുപ്പും. ഇതിന് മുന്നോടിയായി കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധികള്‍ പഠിക്കാനും പ്രശ്‌ന പരിഹാരം നിര്‍ദേശിക്കാനും അഞ്ചംഗ വിദഗ്ധ സംഘം ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഹാന്‍ഡ്ലൂം ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍, മുന്‍ ഹാന്‍ഡ്ലൂം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രതിനിധി പി ആര്‍ ദിവ്യ, കണ്ണൂര്‍ വീവേഴ്‌സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ടി സുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

വിദേശ രാജ്യങ്ങളില്‍ കൈത്തറിക്ക് നല്ല സ്വീകാര്യതയാണുള്ളത്. കൈ കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്താകെ മികച്ച മാര്‍ക്കറ്റുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനു മുന്നോടിയായി കൈത്തറി വ്യവസായത്തെ ലാഭകരമാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വിദഗ്ധ സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. യുവതലമുറയെ കൈത്തറിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടപെടല്‍ നടത്തും. പരമ്പരാഗത നെയ്ത്തിനു കോട്ടം തട്ടാത്ത രൂപത്തില്‍ വൈവിധ്യവല്‍ക്കരണം കൈത്തറിയിലും കൊണ്ടുവരും. ഉല്‍പാദനത്തിലും വിപണനത്തിലും മാറ്റങ്ങള്‍ കൊണ്ട് വന്നു കയറ്റുമതി വര്‍ധിപ്പിക്കാനുള്ളഇടപെടല്‍ നടത്തും. ഇതിനു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ വിപണന തന്ത്രവും നാഷണല്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ പുതുപുത്തന്‍ ഡിസൈനും കൈത്തറിയില്‍കൊണ്ടുവരും. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

കണ്ണൂര്‍ ഹാന്‍വീവിലെത്തിയ സംഘത്തെ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, മാനേജിങ് ഡയരക്ടര്‍അരുണാചലം സുകുമാരന്‍ എന്നിവര്‍ സ്വീകരിച്ചു. ചിറക്കല്‍ വീവേഴ്‌സില്‍ പ്രസിഡണ്ട് കല്ലേന്‍ മോഹനന്‍, സെക്രട്ടറി ടി ഷിനോജ് കുമാര്‍, കല്യാശ്ശേരി വീവേഴ്‌സില്‍ പ്രസിഡണ്ട് കെ ലക്ഷ്മണന്‍, സെക്രട്ടറി കെ പി സന്തോഷ്‌കുമാര്‍, കാഞ്ഞിരോട്ട് പ്രസിഡണ്ട് കെ ശശി, സെക്രട്ടറി എ മഹേഷന്‍, കൗസല്യ വീവേഴ്സില്‍ പ്രസിഡണ്ട് ടി രമേശന്‍, സെക്രട്ടറി കെ ബിന്ദു, ഐ ഐ എച്ച് ടിയില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശ്രീധന്യന്‍, ലോക്‌നാഥ് വീവേഴ്സില്‍ പ്രസിഡണ്ട് എ പവിത്രന്‍, സെക്രട്ടറി പി വിനോദ് കുമാര്‍ എന്നിവര്‍ സംഘത്തെ സ്വീകരിച്ചു. ഓരോ വീവേഴ്‌സില്‍ നിന്നും നെയ്ത്ത്ഉല്‍പാദനവും അവരുടെ പ്രശ്‌നങ്ങളും സംഘാംഗങ്ങള്‍ ചോദിച്ചറിഞ്ഞു