ആസ്പിരേണൽ ജില്ലാ ഒന്നാം സ്ഥാനം: ടീം അംഗങ്ങളെ അനുമോദിച്ചു

post

കേന്ദ്ര സർക്കാറിന്റെ ആസ്പിരേഷൻ ജില്ലാ പദ്ധതിയിൽ ദേശീയ തലത്തിൽ വയനാടിനെ ഒന്നാമതെത്തിച്ച വിവിധ വകുപ്പുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജില്ലാ ഭരണകൂടം അനുമോദിച്ചു.

വയനാട്: ദേശീയ തലത്തിലുള്ള ഡെൽറ്റാ റാങ്കിംഗിൽ ഒന്നാം റാങ്ക് കൈവരിക്കാൻ സഹായിച്ച ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസനം, ലീഡ് ഡിസ്ട്രിക്ട്, ജില്ലാ നൈപുണ്യ സമിതി, കൃഷി, മൃഗ സംരക്ഷണം, ജില്ലാ നിർമ്മിതി കേന്ദ്ര, ജില്ലാ പ്ലാനിങ് എന്നീ ഓഫീസുകൾക്കുള്ള മൊമെന്റോകളും വിവിധ വകുപ്പുകളിൽ നിന്നായി 26 ഉദ്യോഗസ്ഥർക്കുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകളും ജില്ലാ കളക്ടർ വിതരണം ചെയ്തു.

ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് ഡാറ്റ പ്രകാരം 2022 ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിംഗില്‍ 60.1 സ്‌കോര്‍ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടി.

ആരോഗ്യ മേഖലയിലെ പ്രതിരോധ കുത്തിവെയ്പ്, ഗര്‍ഭിണികള്‍ക്കുള്ള ആന്റി നാറ്റല്‍ ചെക്കപ്പ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറീസ്, സ്‌കില്‍ഡ് ബെര്‍ത്ത് അറ്റന്റന്‍സ് എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചു. കൂടാതെ, സാമ്പത്തിക-നൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും മികവ് പുലർത്തിയാണ് ജില്ല പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.