ആദിവാസികളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക ക്യാമ്പ് നടത്തി

2023 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക ക്യാമ്പ് നടത്തി. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിലമ്പൂര്‍ താലൂക്കിലെ അളക്കല്‍ പുഞ്ചക്കൊല്ലി ആദിവാസി കോളനികളില്‍ താമസിക്കുന്ന കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നിലമ്പൂര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍ എം പി സിന്ധുവിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പുറമെ പുതിയ ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയും നല്‍കി. 46 പേരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മൂന്ന് പേര്‍ക്ക് ആധാര്‍ നല്‍കുകയും ഏഴു കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. കൂടാതെ 120 പേരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുകയും 15 പേരെ റേഷന്‍ കാര്‍ഡില്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തു.