എടവകയിൽ മാലിന്യ സംസ്കരണം ഇനി സ്മാർട്ടാകും

post

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക്, പാഴ് വസ്തുക്കൾ ഹരിത കർമ സേന ശേഖരിക്കുന്ന പ്രവർത്തനങ്ങൾ എടവക ഗ്രാമ പഞ്ചായത്തിൽ "ഹരിത മിത്രം" സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ് വഴി ആരംഭിച്ചു.

എടവക സി.ഡി.എസ് ഓഫീസ്സിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു. 

ഹരിത സേനാ അംഗങ്ങൾ ഓരോ വീട്ടിലും പതിപ്പിച്ച ക്യു ആർ കോഡ് സ്മാർട്ട് ഫോൺ വഴി സ്കാൻ ചെയ്തായിരിക്കും പ്ലാസ്റ്റിക്ക്, പാഴ് വസ്തുക്കളുടെ ശേഖരണം നടത്തുക. ഇതു വഴി ഓരോ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ അളവ്, യൂസർ ഫീ തുക എന്നിവ കൃത്യമായി രേഖപ്പെടുത്താനും കഴിയും. പൊതുജനങ്ങൾക്കും അധികൃതർക്കും അവ പരിശോധിക്കാനും കടലാസ് രഹിത സംവിധാനത്തിലേയ്ക്ക് ഹരിത കർമ സേനയുടെ പ്രവർത്തനങ്ങളെ മാറ്റുന്നതിനും ഇതുവഴി കഴിയും.