ഇഞ്ചോടിഞ്ച് മത്സരവുമായി കലോത്സവ വേദികള്‍; ആവേശം ചോരാതെ നിറഞ്ഞ സദസ്സില്‍ കാണികളും

post

കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ജില്ലാ കലോത്സവ വേദികളില്‍ രണ്ടാം ദിനവും ഇഞ്ചോടിഞ്ച് മത്സരവുമായി വേദികള്‍. ആവേശം നിറഞ്ഞ കലാപ്രകടനങ്ങള്‍ നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്. പൂരക്കളി, പരിചമുട്ടുകളി, ദഫ്മുട്ട്, നങ്ങ്യാര്‍ കൂത്ത് ചാക്യാര്‍ കൂത്ത്, മാര്‍ഗ്ഗം കളി, കേരള നടനം, കൂടിയാട്ടം, കേരള നടനം,അറബിക് കഥപറയല്‍, അറബിക് നാടകം,മാപ്പിളപ്പാട്,ക്ലാരനെറ്റ്, ട്രിപ്പിള്‍ ജാസ്, വൃന്ദവാദ്യം,ചെണ്ട, മദ്ദളം,പഞ്ച വാദ്യം, ശാസ്തീയ സംഗീതം, അറബിക് ഗാനം എന്നിങ്ങനെ വിവിധ ഇനങ്ങളാണ് പതിനാറോളം വേദികളിലായി അരങ്ങേറിയത്.

പുരാണ കഥകളെ ആസ്പദമാക്കി കേരള നടനം ആസ്വാദകരുടെ മനം കവര്‍ന്നു. പൂരക്കളിയിലും ദഫ്മുട്ടിലും ഇഞ്ചോടിഞ്ച് മത്സരമാണ് നേരിട്ടത്. നിറഞ്ഞ സദസിന് മുന്നിലാണ് ഓരോ വേദിയിലും കലാ മത്സരങ്ങള്‍ അരങ്ങേറിയത്. നാലു ദിവസങ്ങളിലായി നടക്കുന്ന 33 മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളുടെ വിവിധ വേദികളില്‍ മത്സരം കൊഴുക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ തങ്ങള്‍ക്കനുവദിച്ച ഗ്രീന്‍ റൂമുകളില്‍ അവസാനവട്ട പരിശീലനത്തിലായിരുന്നു മിക്കവരും.

ആസ്വാദകര്‍ക്ക് ആവേശമായി ദഫ്മുട്ട് മത്സരം

റവന്യൂ ജില്ലാകലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ ആസ്വാദകരുടെ മനംകവര്‍ന്നത് ദഫ്മുട്ട് മത്സരം. പ്രധാനവേദിയായ വേദി ഒന്നില്‍ രാവിലെ മുതല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരത്തിന് വന്‍ ജനതിരക്കായിരുന്നു. പാട്ടിന്റെ ഇമ്പവും ഒത്തൊരുമയും ഒപ്പം മുട്ടിലെ താളവും കാണികളുടെ കയ്യടി ഏറ്റുവാങ്ങി. നൂറ്റാണ്ടിനപ്പുറം കേരളത്തിന്റെ മുക്കുമൂലകളിലേക്ക് വ്യാപിച്ച ദഫ്മുട്ട് മത്സര വേദിയിലും തനിമയൊട്ടും ചോര്‍ന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പ്രവാചകരുടെയും അനുചരരുടെയും അപദാനങ്ങള്‍ വാഴ്ത്തിയാണ് ദഫ് മുട്ട് അരങ്ങേറുന്നത്. ആത്മീയ മേഖലയിലെ നക്ഷത്രങ്ങളായ മുഹിയിദ്ദീന്‍ ശൈഖ്, റിഫാഈ ശൈഖ് എന്നിവരുടെ പ്രകീര്‍ത്തനങ്ങളും ആലപിക്കുകയാണ്. റാത്തീബുകളിലെ വരികളാണ് മത്സര വേദികളില്‍ ചൊല്ലുന്നതെന്നതെന്നതാണ് ദഫ്മുട്ട് മത്സരത്തെ വേറിട്ടതാക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 16 ടീമുകള്‍ നീട്ടിചൊല്ലിയ ബൈത്തുകള്‍ക്ക് താളമിട്ടപ്പോള്‍ സ്‌കൂള്‍ ഡി. യു. എച്ച്. എസ്. എസ് പാണക്കാട് ഒന്നാമതെത്തി.

കലോത്സവനഗരിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും

കലോത്സവ നഗരിയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ തിരൂരിന്റെ (കെ.എ.ടി.എഫ്)ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രചാരണം ശ്രദ്ധേയമാകുന്നു. പ്രധാന വേദികളിലൊന്നായ തിരൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ ലഹരി വിരുദ്ധ പ്രചരണ പവലിയനാണ് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ലഹരി എന്ന മഹാ വിപത്ത് ഇന്നത്തെ യുവ തലമുറയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതിന്റെ വ്യാപ്തി വിളിച്ചോതുന്ന പവലിയനാണ് കെ.എ.ടി.എഫ് തിരൂര്‍ ഒരുക്കിയിട്ടുള്ളത്.

ട്രോഫി കമ്മിറ്റി ഓഫീസ് തുറന്നു

കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാപ്രതിഭകള്‍ക്കും മികച്ച വിദ്യാലയങ്ങള്‍ക്കും സമ്മാനിക്കുവാനുള്ള ട്രോഫികള്‍ ഒരുങ്ങി. ട്രോഫി കമ്മിറ്റി ഓഫീസ് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.17 ഉപജില്ലകളില്‍നിന്നായി 309 ഇനങ്ങളില്‍ 9560 കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. മത്സരത്തില്‍ 1200 വ്യക്തിഗത ട്രോഫികളും വിദ്യാലയങ്ങള്‍ക്കായി 33 എവര്‍ റോളിങ് ട്രോഫികളുമാണ് നല്‍കുന്നത്.

ഗതാഗത ബോധവത്കരണവുമായി ട്രോമകെയര്‍

തിരൂരില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ഗതാഗത സുരക്ഷാ ബോധവത്കരണ ഫോട്ടോ പ്രദര്‍ശനവുമായി ട്രോമകെയര്‍ പ്രവര്‍ത്തകര്‍. കലോത്സവത്തിന്റെ മുഖ്യവേദിയായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഫോട്ടോ പ്രദര്‍ശനം. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളും മനുഷ്യരുടെ അശ്രദ്ധകുറവും ചൂണ്ടികാണിച്ചാണ് ട്രോമകെയര്‍ പ്രവര്‍ത്തകര്‍ ഫോട്ടോപ്രദര്‍ശനം നടത്തുന്നത് . ഓരോ ഫോട്ടോകളും ഓരോ മനുഷ്യരെയും ഏറെ ചിന്തിപ്പിക്കുന്നതാണ്. റോഡപടകടങ്ങളുടെ ഭീകരത വിളിച്ചോതുന്ന ചിത്രങ്ങളും സുരക്ഷാസന്ദേശങ്ങളും ഉള്‍പ്പെടുന്ന പ്രദര്‍ശനം ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു.

 ചിത്രവിരുന്നൊരുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി

ജില്ലാ കലോത്സവ നഗരിയില്‍ വിദ്യാരംഗം ജില്ലാതല , ഉപജില്ലാ തല ക്യാമ്പുകളില്‍ രൂപം കൊണ്ട സര്‍ഗ്ഗാത്മക രചനകളുടെ പ്രദര്‍ശനത്തിന് ഇടമൊരുങ്ങി. വിവിധ മാധ്യമങ്ങളിലായി ചെയ്ത കുട്ടികളുടേതും അധ്യാപകരുടേതുമുള്‍പ്പെടെയുള്ള മുന്നൂറോളം രചനകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ നടുമുറ്റത്തിന്റെ തെക്കുഭാഗത്തുള്ള ക്ലാസ്സ് മുറിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രങ്ങള്‍ കലാത്സവത്തിനെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രദര്‍ശനത്തിന്റെ ഭാഗമായി കലാധ്യാപകനായ നൗഷാദ് വെളളിശ്ശേരിയുടെ തത്സമയ കാരിക്കേച്ചര്‍ രചനയും നടന്നു.