വിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ ഒഴിവ് നികത്തും

post

കണ്ണൂർ: വിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ ഒഴിവ് നികത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിവരികയാണ് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിന്റെ തരംഗം സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കായികോപകരണ വിതരണവും കായിക ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാവരിലും കായിക ക്ഷമത ഉറപ്പു വരുത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. അത് വിദ്യാലയങ്ങളിൽ നിന്നും ആരംഭിക്കണം. പഞ്ചായത്ത്തല സ്‌പോർട്‌സ് കൗൺസിലുകൾ സജീവമായാൽ കായിക രംഗത്തേക്ക് കൂടുതൽ പേരെ കൊണ്ടു വരാൻ സാധിക്കും. പ്രത്യേക കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്ന കായിക കേന്ദ്രങ്ങൾ 14 ജില്ലകളിലും ആരംഭിക്കുമെന്നും അതിന് നടപടി ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് കായിക ഉപകരണങ്ങൾക്കായി നൽകിയത്. പ്രൈമറി ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികൾക്ക് കായിക പരിശീലനത്തിന് ആവശ്യമായ സൈക്കിൾ ഉൾപ്പെടെ സ്‌പോർട്‌സ് ഉപകരണങ്ങളാണ് നൽകിയത്.

ഹൈസ്‌കൂൾ കുട്ടികൾക്കുള്ള സ്‌പോർട്‌സ് കിറ്റ് മട്ടന്നൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ കായിക വിദ്യാർഥികളും യുപി വിഭാഗത്തിനുള്ള കിറ്റ് മട്ടന്നൂർ ഗവ. യുപി സ്‌കൂളിലെ വിദ്യാർഥികളും എൽ പി വിഭാഗത്തിനുള്ള കിറ്റ് എൻ ഐ എസ് എൽ പി സ്‌കൂളിലെ വിദ്യാർഥികളും ഏറ്റുവാങ്ങി. മട്ടന്നൂർ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചാണ് തരംഗം പദ്ധതി ആരംഭിച്ചത്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലുമായുള്ള 118 വിദ്യാലയങ്ങളെയും 300 അങ്കണവാടികളെയും ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്റ്റുഡൻറ് പോലീസ് കാഡറ്റ് നടത്തുന്ന ട്വന്റി മില്യൺ ഗോൾ ചലഞ്ചും പരിപാടിയുടെ ഭാഗമായി നടന്നു. മന്ത്രി വി അബ്ദു റഹ്മാൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഫുട്‌ബോൾ താരം സി കെ വിനീത് എന്നിവർ ഗോളടിച്ചു. മട്ടന്നൂർ ഹയർ സെക്കണ്ടറിയിൽ നടന്ന പരിപാടിയിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി.