ചെറുകുന്ന് ഗവ. ഗേൾസ് വി എച്ച് എസ് എസ് കെട്ടിടം നാടിന് സമർപ്പിച്ചു

post

കണ്ണൂർ: ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയത്.

ഹൈസ്‌കൂൾ ബ്ലോക്കിൽ താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികൾ, ലാബ്, സ്റ്റോർ റൂം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ എന്നിവയാണുള്ളത്. ഇരുനിലകളിലും മൂന്നു ടോയ്‌ലറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഇരുവശത്തും ഗോവണികൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങൾ, റാമ്പ്, മുൻഭാഗത്ത് ഇന്റർലോക്ക് ടൈൽസ്, കെട്ടിടത്തിന് ആവശ്യമായ ജലവിതരണ സംവിധാനം എന്നിവ ഒരുക്കി. പൊതുമേഖല സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി.

അരോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി അരോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.

ആറു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് ഒരുക്കിയത്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവ്വഹണവും നടത്തിയത്. ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. മാടായി ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു.

മാടായി ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ കിഫ്ബി ഫണ്ടായ ഒരുകോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ഇരു നില കെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ, വിശ്രമമുറി, ശുചമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. കിലയാണ് പ്രവൃത്തിയുടെ സാങ്കേതിക മേൽനോട്ടവും നിർവഹണവും നടത്തിയത്. എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.