അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ

post

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കീം  സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു.  2020-21 അധ്യയന വര്‍ഷത്തെ ആനുകൂല്യങ്ങള്‍ക്ക് പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷ മാര്‍ച്ച് ഏഴിന് നടത്തും. ഈ അധ്യയനവര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി  മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ പരീക്ഷകള്‍ നടത്തും.കൊല്ലം ജില്ലക്കാര്‍ക്ക് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ആലപ്പുഴ ജില്ലക്കാര്‍ക്ക്  പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുമാണ് പരീക്ഷ.. കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, സമുദായം, വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് വിലാസം തുടങ്ങിയ വിവരങ്ങള്‍  ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം കൊല്ലം ജില്ലയില്‍ പുനലൂര്‍ കേന്ദ്രമായ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ആലപ്പുഴ ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ  ഫെബ്രുവരി അഞ്ചിനകം ലഭ്യമാക്കണം.

അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം: ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍ പി.ഒ 691 305.പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പുനലൂര്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ ലഭിക്കുന്നതിനും ധനസഹായം നല്‍കും.  ഇവയ്ക്ക്  പുറമേ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് സ്‌റ്റൈപ്പന്റും ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0475 2222353.