നീരുറവ് പദ്ധതി; ശില്പശാലകള്‍ പൂര്‍ത്തിയായി

post

ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ജലനീര്‍ത്തടാധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നീരുറവ് പദ്ധതിയുടെ ജില്ല, ബ്ലോക്ക്, പഞ്ചായത്ത്തല (മംഗല്‍പാടി ഒഴികെ) ശില്‍പശാലകള്‍ പൂര്‍ത്തിയായി. നീര്‍ത്തട കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നീര്‍ത്തടങ്ങളിലെ സ്ഥിതി വിവര കണക്കുകളുടെയും ഇടപെടല്‍ സാധ്യതയെ കുറിച്ചുമുള്ള ജി.ഐ.എസ് മാപ്പുകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറി. ഹരിത കേരളം, ജില്ല, ബ്ലോക്ക് പഞ്ചായത്ത്തല സാങ്കേതിക സമിതികള്‍ യോഗം ചേര്‍ന്ന് 2018ല്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പുതുക്കി നീര്‍ത്തടക്കമ്മിറ്റികള്‍ക്ക് കൈമാറി വരികയാണ്.

ഓരോ നീര്‍ത്തടങ്ങളിലും ജനകീയ പരിശോധനക്കായി ''നീര്‍ത്തട നടത്തങ്ങള്‍'' നടത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ആരംഭിച്ചു. 2023-24 ലെ ലേബര്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി നീരുറവ് നീര്‍ത്തടാധിഷ്ഠിത വികസന പ്ലാന്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ പറഞ്ഞു.


എന്താണ് നീരുറവ് പദ്ധതി

ഭൂജല സംരക്ഷണത്തിന് നവകേരളം മിഷന്‍ നടപ്പാക്കുന്ന സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയാണ് നീരുറവ് . ഭൂജല ശോഷണം അതീവ പ്രതിസന്ധി സൃഷ്ടിക്കുന്ന ജില്ലയില്‍ ഭൂജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവുമാണ് നീരുറവിലൂടെ ലക്ഷ്യമിടുന്നത്. ചെക്ക് ഡാമുകള്‍, കിണര്‍ റീചാര്‍ജ്, ഫലവൃക്ഷ കൃഷിയിടങ്ങള്‍, പുരയിടങ്ങളില്‍ മഴക്കുഴി, മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഓരോ പുഴയുടെയും മുഴുവന്‍ നീര്‍ച്ചാലുകളെയും കണ്ടെത്തി ജല, മണ്ണ് സംരക്ഷണ പദ്ധതികള്‍ തയ്യാറാക്കും. പരമ്പരാഗത നിര്‍മിതിക്ക് പുറമെ പ്രാദേശികമായി ലഭിക്കുന്ന സാധന സാമഗ്രികള്‍ ഉപയോഗിച്ചും നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. മുഴുവന്‍ വൃഷ്ടി പ്രദേശങ്ങളിലും മണ്ണ്, ജല സംരക്ഷണത്തിനും, കൃഷിക്കും, ഭൂമി ഹരിതാഭമാക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കും.