കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌ക്കരണം ഉറപ്പാക്കാന്‍ ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും

ജില്ലയില്‍ ബേഡഡുക്കയിലും ചെറുവത്തൂരിലും
കക്കൂസ് മാലിന്യമുള്‍പ്പെടെ ദ്രവമാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കാന്‍ ശുചിത്വ മിഷന്റെ മലംഭൂതം ക്യാമ്പയിന്‍. കക്കൂസ് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാന്‍ ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കും. ആദ്യഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലയില്‍ രണ്ട് ഇടങ്ങളിലായാണ് ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ബേഡഡുക്ക പഞ്ചായത്തും ചെറുവത്തൂര്‍ പഞ്ചായത്തുമാണ് ഇതിനായി തിരഞ്ഞെടുത്തത്.
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങളില്‍ കൂടുതലും മനുഷ്യ വിസര്‍ജ്യത്താല്‍ മലിനമാണെന്നു കണ്ടെത്തിയിരുന്നു. ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കക്കൂസ് മാലിന്യം ശാസ്ത്രീയമായി പരിപാലിച്ചില്ലെങ്കിലുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജനങ്ങളെ മലംഭൂതം ക്യാമ്പയിനിലൂടെ ബോധവത്കരിക്കും.
യുനിസെഫ്-വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണ അശാസ്ത്രീയത പലപ്പോഴും ശാസ്ത്രീയമായ സംസ്‌കരണം സാധ്യമാക്കുന്നില്ല. സെപ്റ്റിക് ടാങ്കുകള്‍ ചുരുങ്ങിയത് 3 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശുചീകരിക്കേണ്ടതുണ്ട്.
വിസര്‍ജ്യാവശിഷ്ടം ശേഖരിച്ച് ശാസ്ത്രീയരീതിയില്‍ സംസ്‌കരിക്കാന്‍ ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് വഴി സാധിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 28 സ്‌ളഡ്ജ് ട്രീറ്റ്‌മെന്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപനതല സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും അനുബന്ധ സൗകര്യങ്ങളും പ്രോത്സാഹിപ്പിക്കും.
മലംഭൂതം' ജില്ലാതല ഉദ്ഘാടനം നടത്തി
ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ലോക ശൗചാലയ ദിനാചരണവും ഫീക്കല്‍ സ്‌ളഡ്ജ് മാനേജ്‌മെന്റ് ഐ.ഇ.സി ക്യാമ്പയിന്‍ 'മലംഭൂതം' ജില്ലാതല ഉദ്ഘാടനവും നടത്തി. തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ തുടര്‍ച്ചയായി ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനത്തിന്റെയും ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷിന്റെയും ആഭിമുഖ്യത്തിലാണ് മലംഭൂതം വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍ നടത്തുന്നത്. അസിസ്റ്റന്റ് കളക്ടര്‍ മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു.