സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കിരീടം: വിജയോത്സവം നടത്തി

post

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ജില്ല ഓവറോള്‍ കിരീടം നേടിയതിന്റെ വിജയോത്സവം ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. പരിപാടി വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. 1383 പോയിന്റ് നേടിയാണ് ജില്ല കിരീടം നേടിയത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി മേളകളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലയിലെ സ്‌കൂളുകള്‍ കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ ജില്ലയിലെ വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ് 100 പോയിന്റുമായി എട്ടാം സ്ഥാനവും 89 പോയിന്റുമായി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം സ്ഥാനവും നേടി.

ജില്ലയിലെ സ്‌കൂളുകള്‍ 17 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 19 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 14 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി പി.എം.ജി.എച്ച്.എസ് സ്‌കൂള്‍ പരിസരത്ത് നിന്ന് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര നടന്നു.