മലയോര റോഡു നിർമാണത്തിന് വിദേശ സാങ്കേതിക വിദ്യ ഉപയോഗിക്കും: പൊതുമരാമത്ത് മന്ത്രി

post

കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച നാല് റോഡുകൾ സഞ്ചാരത്തിനായി തുറന്നു


കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ നാല് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ റോഡുകളുടെ നിർമ്മാണത്തിന് വിദേശ രാജ്യങ്ങളിൽ പിന്തുടരുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും, അതിനായുള്ള ആലോചനകൾ സർക്കാർ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ പരിപാടികളിൽ അധ്യക്ഷനായി. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ കാട്ടുവിള- ചെറുകോട്- മുക്കംപാലമൂട് റോഡ്, അന്തിയൂർക്കോണം- തച്ചോട്ടുകാവ് റോഡ്, വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പെരുകാവ് - ചൂഴാറ്റുകോട്ട റോഡ്, വാളിയോട്ടുകോണം - കുരിശുമുട്ടം- പട്ടറുവിള റോഡ് എന്നിവ ഗതാഗതത്തിനായി തുറന്നു.

പേയാടിനെയും കാട്ടാക്കടയെയും ബന്ധിപ്പിക്കുന്നതാണ് അന്തിയൂർക്കോണം തച്ചോട്ടുകാവ് റോഡ്. രണ്ട് കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ ബിസി ഓവർലേ ചെയ്താണ് റോഡിൻറെ നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. പേയാട് വെള്ളനാട് റോഡിനെയും, അന്തിയൂർക്കോണം തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്നതാണ് കാട്ടുവിള-ചെറുകോട്- മുക്കംപാലമൂട് റോഡ്. 7.89 കോടി രൂപ വിനിയോഗിച്ച് ബിഎംബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചത്.

പാപ്പനംകോട് മലയിൻകീഴ് റോഡിനെയും മങ്കാട്ടുകടവ് തച്ചോട്ടുകാവ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പെരുകാവ്- ചൂഴാറ്റുകോട്ട റോഡ്. മൂന്നു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മങ്കാട്ടുകടവ് തച്ചോട്ടുകാവ് റോഡിനെയും, പേയാട് കുണ്ടമൺഭാഗം റോഡിനെയും ബന്ധിപ്പിക്കുന്ന വാളിയോട്ടുകോണം- കുരിശുമുട്ടം- പട്ടറുവിള റോഡ് 2.10 കോടിക്കാണ് നവീകരണം നടത്തിയത്. ഇരു റോഡുകളും ബിഎംബിസി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടികൾ പങ്കെടുത്തു

Pwd