മേലാറ്റുമൂഴി ചിറ നീന്തല്‍ക്കുളമാകുന്നു, നവീകരണ പ്രവര്‍ത്തനം തുടങ്ങി

post

oolമേലാറ്റുമൂഴി ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡി. കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'വാമനപുരം നദിക്കായി നീര്‍ധാര' പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്. വാമനപുരം നദിയുടെ പുനരുജ്ജീവനവും പാരമ്പര്യ ജല സ്രോതസ്സുകളുടെ നവീകരണവുമാണ് ലക്ഷ്യം.


ഒരേക്കറോളം വ്യാപിച്ചുകിടക്കുന്ന മേലാറ്റുമൂഴി ചിറയെ വൈകാതെ നീന്തല്‍ക്കുളമാക്കി മാറ്റി നീന്തല്‍ പരിശീലകനെയുള്‍പ്പെടെ നിയമിക്കാനാണ് പദ്ധതി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ദിനങ്ങളും ലഭ്യമാകുന്നു. ചിറയുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിച്ച് ഓരങ്ങളില്‍ ഫലവൃക്ഷത്തൈകളും നടും. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.