മാങ്ങാട്ടിടത്തെ കുഞ്ഞിളം കൃഷിത്തോട്ടങ്ങൾ

post

കണ്ണൂർ: അക്ഷരമാലകൾക്കും പാട്ടിനും കഥകൾക്കുമൊപ്പം കൃഷിപാഠവും പഠിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾ. ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, വനിത ശിശു വികസന വകുപ്പ്, കൂത്തുപറമ്പ് ഐ സി ഡി എസ് എന്നിവ ചേർന്ന് അങ്കണവാടികളിൽ ആരംഭിച്ച 'കുഞ്ഞിളം കൃഷിത്തോട്ടം' പദ്ധതിയാണ് കൃഷിയറിവ് പകരുന്നത്.

കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തിയെടുക്കുക, ജൈവ കൃഷി രീതികൾ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്തിലെ 34 അങ്കണവാടികളിൽ ശിശു സൗഹൃദ പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചത്. അങ്കണവാടി കുട്ടികളുടെ ഭക്ഷണത്തിനായി വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 350 കുട്ടികൾക്ക് കൃഷിഭവൻ ആദ്യഘട്ടത്തിൽ പച്ചക്കറി തൈകൾ നൽകും. ഒരു കുട്ടിക്ക് ഒരു തൈ എന്ന തോതിലാണ് വിതരണം ചെയ്യുക. ഇതിൽ നിന്നും മികച്ച രീതിയിൽ പരിപാലനം നടത്തുന്ന മൂന്ന് കുട്ടികളെ കണ്ടെത്തി സമ്മാനം നൽകും.

അങ്കണവാടികളിലെ കൃഷിക്ക് പുറമെ കുട്ടികളുടെ വീടുകളിലും കൃഷി വ്യാപിപ്പിക്കും. ഇതിനായുള്ള തൈകളും കൃഷിഭവൻ ലഭ്യമാക്കും. സമഗ്രമായ കാർഷിക മുന്നേറ്റത്തിന്റെ ഭാഗമായി എല്ലാവരിലും കാർഷിക അവബോധം സൃഷ്ടിക്കാനുള്ള ഇടപെടലാണ് ഇതിലൂടെ നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.