കതിരൂരിലുണ്ട്, കണക്റ്റ് ടു സക്സസ്

കണ്ണൂർ: തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ 'കണക്റ്റ് ടു സക്സസ്'. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി എസ് സി പരിശീലന കേന്ദ്രമാണ് ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി നേടാനുള്ള വഴി തുറക്കുന്നത്.
യുവ തലമുറക്ക് മികച്ച ജോലി ലഭിക്കാൻ സഹായിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനായാണ് കതിരൂർ ടൗണിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. തൊഴിലന്വേഷകരുടെ കൂട്ടായ്മ സജീവമാക്കി കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് ക്ലാസ്. നിലവിൽ അൻപതോളം പേർ പരിശീലനം നേടുന്നുണ്ട്. പി എസ് സിയുടെ പുതിയ രീതി അനുസരിച്ച് ഓരോ വിഭാഗത്തിനും പ്രാഥമിക പരീക്ഷയ്ക്ക് ആവശ്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്ലാസെടുക്കുന്നത്.
ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകളും മറ്റ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രയാസമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഉച്ചക്ക് ശേഷം മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ പഠനം നടക്കും. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീനയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80,000 രൂപ പഞ്ചായത്ത് കേന്ദ്രത്തിനായി മാറ്റിവെച്ചിരുന്നു. അതിനാൽ പഠിതാക്കളിൽ നിന്നും മാസത്തിൽ 500 രൂപ മാത്രമാണ് ഈടാക്കുന്നത്. വൻ തുക ഫീസായി വാങ്ങുന്ന സ്വകാര്യ കേന്ദ്രങ്ങളിൽ പരിശീലനത്തിന് പോകാൻ സാധിക്കാത്തവർക്ക് പഞ്ചായത്തിന്റെ ഈ ഉദ്യമം ആശ്വാസമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു. പ്രവേശനത്തിന് ഫോൺ: 9656597281