ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

post

മലപ്പുറം: ഭിന്നശേഷിക്കാരുടെ ഉന്നമന  ക്ഷേമകാര്യത്തില്‍  സര്‍ക്കാര്‍ ആവശ്യമായ നടപടികളെല്ലാം സമയബന്ധിതമായി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ സാമൂഹിക നീതി വകുപ്പിന്റെയും താനാളൂര്‍ പഞ്ചായത്തിന്റെയും സഹകരണത്തോടെ കാഴ്ച പരിമിതര്‍ക്കായി  'കാഴ്ച്ച 'എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണുകളുടെ വിതരണവും  പരിശീലന പരിപാടിയുടെ ഉദ്ഘാടനവും താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ശാരീരിക  മാനസിക വെല്ലുവിളി നേരിടുന്നവരെ ഭിന്നശേഷിക്കാരെന്ന് അഭിസംബോധന ചെയ്യുന്ന കാലത്ത് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ പേര് മാറ്റണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നതിന് തെളിവാണ് പുതിയ പദ്ധതികളുടെ നിര്‍വഹണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 12 വയസ്സില്‍ താഴെ പ്രായമുള്ള തീവ്ര ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ 20,000 രൂപയുടെ സ്ഥിര നിക്ഷേപ പദ്ധതിയായ ഹസ്തദാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും  മന്ത്രി നിര്‍വഹിച്ചു.

'ശ്രവണ്‍' പദ്ധതിയിലൂടെ നല്‍കുന്ന ശ്രവണ സഹായ ഉപകരണ വിതരണം  വി. അബ്ദുറഹ്മാന്‍ എം.എല്‍.എ യും  ശുഭയാത്രി സഹായ ഉപകരണ വിതരണം വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവയ്ക്കല്‍ മോഹനനും നിര്‍വഹിച്ചു.

കാഴ്ച പരിമിതിയുള്ളവര്‍ക്കായി തയ്യാറാക്കിയ പ്രത്യേക സ്‌പെസിഫിക്കേഷനോടുകൂടിയ 135 ഫോണുകളാണ് വിതരണം ചെയ്തത്. പന്ത്രണ്ടായിരഥ്‌ഥോളം രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണില്‍ ഐഡി പ്രോ എന്ന പ്രത്യേക സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചാണ് സംവിധാനമൊരുക്കിയത്. യാത്രാമാര്‍ഗ്ഗം മനസിലാക്കാനും  ബാങ്കിങ്, വായന, വ്യക്തികള്‍, ജീവ ജാലങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കാനും സഹായിക്കുന്നതാണ് ആധുനിക സംവിധാനം. സംസ്ഥാനത്ത് ഒന്നരക്കോടി രൂപ ചെലവില്‍ ആയിരം സ്മാര്‍ട്ട് ഫോണുകളാണ് ഇത്തരത്തില്‍ കാഴ്ചയില്ലാത്തവര്‍ക്കായി ലഭ്യമാക്കുന്നത്.