ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമേകി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്

post

ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ചികിത്സ സഹായ പദ്ധതിയുമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്. ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഡയാലിസിസ് കിറ്റും മരുന്നുകളും സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ആരംഭിച്ചത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക സര്‍വേ നടത്തിയാണ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ അര്‍ഹതപ്പെട്ട 136 പേര്‍ക്കാണ് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത്.

ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ ആറുമാസം വിതരണം ചെയ്യാനുള്ള മരുന്നുകള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കും സമാന രീതിയില്‍ മരുന്ന് വിതരണം ചെയ്യാനുള്ള ആലോചനയിലാണ് ബ്ലോക്ക് പഞ്ചായത്ത്. ചികിത്സ ചെലവ് കണ്ടെത്താന്‍ പല കുടുംബങ്ങളും പ്രയാസപ്പെടുന്നതിനാലാണ് ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് പറഞ്ഞു.