പൊലിമ പുതുക്കാട്; രണ്ടാംഘട്ട പച്ചക്കറി തൈകൾ ഉടൻ ലഭ്യമാക്കും

പുതുക്കാട് മണ്ഡലത്തിലെ 40000ൽ പരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന 'പൊലിമ പുതുക്കാട്' പദ്ധതിയുടെ രണ്ടാംഘട്ട പച്ചക്കറി തൈകൾ ഉടൻ ലഭ്യമാക്കാൻ തീരുമാനം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എട്ട് പഞ്ചായത്തുകളിലെ 140 ഓളം ഏക്കർ സ്ഥലത്ത് ഒന്നാംഘട്ട കൃഷി ആരംഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ കൃഷി ആരംഭിക്കുന്നതിനായി നിലം ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
രണ്ടാംഘട്ടത്തിനായി വാർഡ്- പഞ്ചായത്ത് തലത്തിലുളള സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. കൃഷിയിൽ നിന്ന് ലഭ്യമാകുന്ന ഉൽപ്പന്നങ്ങളുടെ വിപണിയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ സാധ്യതകളും കണ്ടെത്തണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. ബ്ലോക്ക് തലത്തിൽ കാർഷിക വിഭവങ്ങൾ സമാഹരിക്കുന്നതിനും വിൽക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അറിയിച്ചു.