ഡാനിഷിന് ഇനി കോളജില്‍ പോവാം; ഓട്ടോറിക്ഷ റെഡി

post

മലപ്പുറം: മഞ്ചേരി കാരക്കുന്ന് സ്വദേശി ഡാനിഷിന് ഇനി ഓട്ടോറിക്ഷയില്‍ കോളജില്‍ പോവാം. സെറിബ്രല്‍ പാഴ്‌സി ബാധിച്ച് ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ എന്‍.എസ്.എസ്. കോളേജിലെ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയായ ഡാനിഷിന്റെ യാത്രാ ക്ലേശത്തിനാണ് പരിഹാരമായത്. കോളജിലേക്കും മറ്റുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഡാനിഷിന് ഓര്‍ക്കാനും പോലും കഴിയാത്ത തരത്തില്‍ ദുരിതം നിറഞ്ഞതായിരുന്നു. കോളജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒരു ദിവസം 600ഓളം രൂപ ചെലവ് വന്നിരുന്നു. വേണ്ടത്ര സാമ്പത്തിക സ്ഥിതിയില്ലാത്ത ഡാനിഷിന്റെ മാതാപിതാക്കള്‍ക്ക് ഈ ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 

നാഷനല്‍ ട്രസ്റ്റ് മലപ്പുറം ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിങ്ങിലാണ് ഡാനിഷ് തന്റെ ബുദ്ധിമുട്ട് കലക്ടറെ അറിയിച്ചത്. ഇതറിഞ്ഞ കമ്മിറ്റി മെമ്പറായ അബ്ദുള്‍ നാസര്‍ സുമനസുകളുടെ സഹായത്തോടെ ഡാനിഷിന് ഓട്ടോറിക്ഷ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഓട്ടോറിക്ഷ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഡാനിഷിന് കലക്ടറേറ്റില്‍ വച്ച് കൈമാറി.