പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ രക്ത ബാങ്ക് കെട്ടിട നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാവും

post

ആശുപത്രിയിലെ നിര്‍മാണ പ്രവൃത്തികളുടെ അവലോകന യോഗം ചേര്‍ന്നു


പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിലെ ബ്ലഡ് ബാങ്കിന്റെ നിര്‍മാണം നവംബര്‍ 30 നകം പൂര്‍ത്തിയാകും. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്. ഡോക്ടേഴ്‌സ് റൂം, കമ്പോണന്റ് സ്റ്റോര്‍, കമ്പോണന്റ് പ്രോസസിങ് റൂം, ഗ്രൂപ്പിങ് ആന്‍ഡ് ക്രോസ് മാച്ചിങ് റൂം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്.

ബ്ലഡ് ബാങ്കിന് മുകളിലായി രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന പേ വാര്‍ഡ്, റസ്റ്റ് റൂം എന്നിവയുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ജലസംഭരണി നവംബര്‍ 14നകം ടെന്‍ഡര്‍ ചെയ്യും. 2023 ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനും തീരുമാനമായി.

ആശുപത്രിയില്‍ 1.94 കോടി രൂപ ചെലവില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാനും തീരുമാനിച്ചു. നവംബര്‍ 11 നകം ഇതിന്റെ വിശദ പദ്ധതി രേഖ ശുചിത്വ മിഷന് കൈമാറും. നിര്‍മാണം നടക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് ഡിസംബര്‍ 10നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാറിന് കത്ത് നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.