തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി കൗണ്ടർ തുറന്നു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സംവിധാനത്തോടു കൂടി നിർമ്മിച്ച ഒ.പി കൗണ്ടർ നാടിന് സമർപ്പിച്ചു. ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എൽ.എ നിർവ്വഹിച്ചു. ഡയാലിസിസ് സെന്റർ ഏകീകരിച്ച് സൗകര്യം വിപുലീകരിക്കും. വെള്ളക്ഷാമം ആശുപത്രിയിൽ രൂക്ഷമാണ്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നഗരസഭക്കൊപ്പം നടത്തിവരികയാണ്. 14 കോടി രൂപ ചെലവിൽ ആശുപത്രിയിൽ പുതിയ കെട്ടിടം ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.
നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ദിവസവും രണ്ടായിരത്തോളം രോഗികളാണ് ഒപിയെലെത്താറുള്ളത്. ആശുപത്രിയുടെ പ്രധാന കവാടം വഴി എത്തുമ്പോൾ തന്നെ ഒപി കൗണ്ടർ കാണാം. രോഗികൾക്ക് ഇരുന്ന് വിശ്രമിക്കാൻ 125 ഓളം കസേരകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവർ മെഷീനിൽ നിന്നും നമ്പർ കൈപറ്റി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടത്തിൽ വിശ്രമിക്കാവുന്നതാണ്. നമ്പർ വിളിക്കുന്ന സമയത്ത് മാത്രം ഒ.പി ടിക്കറ്റിന് കൗണ്ടറിൽ എത്തിയാൽ മതിയെന്നത് കൊണ്ട് തന്നെ ക്യൂ നിൽക്കാതെ ടിക്കറ്റ് ലഭിക്കാൻ ഇത് സഹായകമാകും.