കയര്‍ ഭൂവസ്ത്ര വിതാനം: മികച്ച ഗ്രാമപഞ്ചായത്തായി തേവലക്കര

post

കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ ചവറ ബ്ലോക്കിലെ മികച്ച ഗ്രാമപഞ്ചായത്തായി തേവലക്കര. ചവറയില്‍ സംഘടിപ്പിച്ച ബ്ലോക്ക്തല സെമിനാറിലാണ് ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രവിതാനം നടത്തിയ തേവലക്കര പഞ്ചായത്തിനെ ആദരിച്ചത്. ഇത്തരം പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിലൂടെ കയര്‍മേഖലയ്ക്ക് ഉണര്‍വും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി മൂല്യവും ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.

തേവലക്കര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 294 തൊഴില്‍ ദിനങ്ങളിലായി 38 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് കുളങ്ങള്‍ നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വളക്കൂറും വര്‍ധിപ്പിക്കുന്നതോടൊപ്പം ജലക്ഷാമവും മണ്ണൊലിപ്പും തടയാമെന്നതും കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ മേ•കളാണ്. കൃഷിഭൂമിക്ക് സംരക്ഷണം ലഭിക്കുന്നതോടൊപ്പം കാലക്രമേണ ജൈവവളമായി കയര്‍ മണ്ണില്‍ സംസ്‌കരിക്കപ്പെടുന്നു. മണ്ണിലെത്തുന്ന ജലത്തെ കടത്തിവിടാനും ഖരരൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിര്‍ത്താനും ഇവയ്ക്ക് കഴിയും.

കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കയര്‍ ഭൂവസ്ത്രവിതാന പദ്ധതികളുടെ ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി സെമിനാര്‍ സംഘടിപ്പിച്ചത്. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.