വാടാനപ്പള്ളി പഞ്ചായത്തിൽ 'ടേക്ക് എ ബ്രേക്ക്' പദ്ധതിക്ക് തുടക്കം

post

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 'ടേക്ക് എ ബ്രേക്ക്' പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വഴിയോര വിശ്രമകേന്ദവും ടോയ്‌ലറ്റ് കോംപ്ലക്‌സും മുരളി പെരുനെല്ലി എംഎല്‍എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്തിലെ 2021-22 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്ററിലെ പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയവും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വാടാനപ്പള്ളി സെന്ററില്‍ നിലവില്‍ ഉണ്ടായിരുന്ന സുലഭ് ടോയ്‌ലറ്റ് കോംപ്ലക്‌സ് പുനര്‍നിര്‍മ്മിച്ചാണ് പുതിയത് നിര്‍മ്മിച്ചിട്ടുള്ളത്. കോഫി ഷോപ്പുകളോട് കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി പറഞ്ഞു.