മുള ഉത്പന്നങ്ങളുടെ വിപണനവുമായി അട്ടപ്പാടി വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി

post

മുള കൊണ്ടുള്ള അലങ്കാര വസ്തുകൾ, ഗൃഹോപകരണങ്ങൾ, ഫർണീച്ചറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിച്ച് ശ്രദ്ധേയമാവുകയാണ് അട്ടപ്പാടിയിലെ ഷോളയൂർ വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി. മുള ഉത്പന്നങ്ങൾ നിർമിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച 10 വനിതകളുടെ നേതൃത്വത്തിലാണ് നിർമാണം. വനിതകൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി ജീവിതനിലവാരം ഉയർത്തുക ലക്ഷ്യമിട്ട് 2008 ലാണ് വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി ആരംഭിച്ചത്.

ആവശ്യാനുസരണമുള്ള ഫർണീച്ചറുകളുടെ നിർമ്മാണത്തിന് പുരുഷന്മാർക്കും സൊസൈറ്റി തൊഴിൽ നൽകുന്നുണ്ട്. വട്ട്‌ലക്കിയിലുള്ള സൊസൈറ്റിയുടെ ഓഫീസിലൂടെയും അഗളിയിലുള്ള അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിലൂടെയുമാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. വട്ടലക്കി ഫാമിങ് സൊസൈറ്റിക്കായി വട്ട്‌ലക്കിയിൽ പുതിയ ഔട്ട്‌ലെട്ട് ആരംഭിക്കാനുളള ശ്രമത്തിലാണ് സൊസൈറ്റി അധികൃതർ. കൂടുതൽ പേർക്ക് മുള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകി കൂടുതൽ ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

150 പട്ടികവർഗ വിഭാഗക്കാരാണ് സൊസൈറ്റിയിൽ അംഗങ്ങളായിട്ടുള്ളത്. ജില്ലാ കലക്ടറാണ് സൊസൈറ്റി പ്രസിഡന്റ്. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സെക്രട്ടറിയും ഒറ്റപ്പാലം സബ് കലക്ടർ ഡയറക്ടർ ബോർഡ് അംഗവുമായാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ഫാമിങ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനായി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ 25 ഏക്കർ സ്ഥലത്ത് തെങ്ങ്, മുരിങ്ങ, കറിവേപ്പില കൃഷിയും ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടിയുടെ തനത് ഭക്ഷ്യവിഭവങ്ങൾ ഒരുക്കി വട്ട്‌ലക്കിയിൽ ഭക്ഷണശാല ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ഫാമിങ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

വട്ടലക്കി ഫാമിങ് സൊസൈറ്റി ഉൽപന്നങ്ങൾക്കായി താഴെ പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 9778069659, 9497129021