പാലിയേറ്റീവ് കെയര്‍: സ്‌നേഹ കൂട്ടായ്മയും പരിശീലനവും സംഘടിപ്പിച്ചു

post

ഇടുക്കി : പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി അടിമാലിയില്‍ രോഗികളുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹ കൂട്ടായ്മയും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ട് 9 വര്‍ഷമായി.നിരവധി രോഗികള്‍ക്ക് സ്വാന്തന പരിചരണം നല്‍കുവാനും മരുന്നും ഉപകരണങ്ങളും ലഭ്യമാക്കുവാനും പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ പ്രാഥമികാരോഗ്യകേന്ദ്രത്തിനും പഞ്ചായത്തിനും സാധിച്ചിട്ടുണ്ട്. അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേരി യാക്കോബ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ മാത്യൂസ് പുല്‍പ്പറമ്പില്‍ സാന്ത്വന സന്ദേശം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി സ്മിത,പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.