ലഹരിയോട് നോ പറഞ്ഞ് മലപ്പുറം: ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങൾ അണിനിരന്നു

കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത കേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയിൽ മലപ്പുറം ജില്ലയിൽ നിന്ന് പതിനായിരങ്ങൾ അണി ചേർന്നു. ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യശൃംഖലയ്ക്ക് പൊതുജനങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത് മികച്ച പിന്തുണ. വൈകീട്ട് മൂന്ന് മുതൽ നാല് വരെ പൊന്നാനി മുതൽ വഴിക്കടവ് വരെ തീർത്ത ലഹരിമുക്ത മനുഷ്യശൃംഖലയുടെ ഭാഗമായി നിരവധി പേരാണ് ലഹരിക്കെതിരായ പോരാട്ടത്തിൽ കൈകൾ കോർത്തത്.
തിരൂരിൽ നിന്ന് കായിക, ഫിഷറീസ്വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ മനുഷ്യശൃംഖലയ്ക്കൊപ്പം ചേർന്നു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായാണ് മന്ത്രി മനുഷ്യശൃംഖലയുടെ ഭാഗമായത്. കുറുക്കോളി മൊയ്തീൻ എം.എൽ.എയോടൊപ്പമാണ് മന്ത്രി അണി ചേർന്നത്. ലഹരിക്കെതിരായ പോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്നും ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവുമായി ബന്ധപ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
തിരൂരിൽ പുതിയങ്ങാടി മുതൽ പൊലീസ് ലൈൻ വരെ മൂന്ന് കിലോമീറ്ററോളം നീളത്തിൽ നാലായിരത്തോളം വിദ്യാർഥികളും ജനപ്രതിനിധികളുമാണ് മനുഷ്യശൃംഖലയിൽ അണിനിരന്നത്. ലഹരിക്കെതിരെ വിദ്യാർഥികളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചിരുന്നു.
പൊന്നാനിയിൽ ബസ് സ്റ്റാൻഡ് മുതൽ കുണ്ടുകടവ് ജങ്ഷൻ വരെ തീർത്ത വിദ്യാർഥികൾ, അങ്കണവാടിപ്രവർത്തകർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി ആയിരങ്ങളാണ് അണിനിരന്നത്. എടപ്പാൾ അംശകച്ചേരി മുതൽ അണ്ണക്കമ്പാട് വരെയും മാണൂർ മുതൽ നടക്കാവ് വരെയും സംഘടിപ്പിച്ച റാലിയിൽ വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. എടപ്പാൾ നടന്ന പരിപാടിയിൽ ഡോ.കെ.ടി ജലീൽ എം.എൽ.എ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുറ്റിപ്പുറം കാവുമ്പുറത്ത് തീർത്ത മനുഷ്യശൃംഖലയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീം വേളേരി നേതൃത്വം നൽകി. കുറ്റിപ്പുറം നഗരത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ വിവിധയിടങ്ങളിൽ നിന്നും മനുഷ്യശൃംഖലയുടെ ഭാഗമായി.
എടവണ്ണ പഞ്ചായത്ത് തൃക്കലങ്ങോട് പാണ്ടിയാട് ഭാഗത്ത് മനുഷ്യ ശ്യംഖലയിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, വണ്ടൂർ ഗ്രേസ് സ്കൂൾ, പത്തപ്പിരിയം യുപി സ്കൂൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ എടവണ്ണ അതിർത്തിയിൽ കണ്ണികളായി.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ മറ്റു വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപക- വിദ്യാർഥികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മതനേതാക്കൾ, വിവിധ സംഘടന പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, യുവാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ ലഹരിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി. മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ജില്ലയിൽ 83 കിലോമീറ്റർ ദൂരത്തിൽ മനുഷ്യശൃംഖല തീർത്തത്. ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് മനുഷ്യ ശൃംഖലയോടെ സമാപിക്കുന്നത്.