ഒരു ലക്ഷം തെങ്ങിന്‍ തൈകളു വിതരണത്തിനൊരുക്കി പരപ്പനങ്ങാടിയിലെ തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രം
ജീവനി പദ്ധതിയ്ക്കായി തയ്യാറാക്കിയത് 25,000 പച്ചക്കറി തൈകള്‍
മലപ്പുറം മലബാറിലെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി പരപ്പനങ്ങാടിയിലെ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രം. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കുറി അത്യുല്‍പ്പാദന ശേഷിയുള്ള ഒരു ലക്ഷം തെങ്ങിന്‍ തൈകളും ജീവനി പദ്ധതിയിലേക്കായി പതിനായിരം ഫലവൃക്ഷതൈകളും വിതരണത്തിനൊരുക്കി. അടുത്ത വര്‍ഷത്തേക്ക് അത്യുല്‍പ്പാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ലക്ഷത്തി മുപ്പതിനായിരം വിത്ത് തേങ്ങകള്‍ സംഭരിക്കാനും നടപടികള്‍ തുടങ്ങി.
ഉയരത്തില്‍ വളര്‍ന്ന് വളരെ കൂടുതല്‍ വിളവ് തരുന്ന വെസ്റ്റ് കോസ്റ്റ് ടോള്‍ (ഡബ്ല്യു.സി.ടി), ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട കുള്ളന്‍ തെങ്ങ് എന്നിവയാണ് പരപ്പനങ്ങാടിയിലെ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത് കൃഷിഭവനുകള്‍ മുഖേന വര്‍ഷാവര്‍ഷം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. ഡബ്ല്യുസിടി ഇനത്തില്‍പ്പെട്ട വിത്ത് തേങ്ങകള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വടകരയിലെ ഉള്യേരി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളിലെ വിത്ത് തേങ്ങ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് പരപ്പനങ്ങാടിയിലെ ഫാമിലേക്ക് എത്തിച്ചാണ് നട്ടു വളര്‍ത്തുന്നത്. ഹൈബ്രീഡ് ഇനം ചാവക്കാട്ടെ സര്‍ക്കാര്‍ സംഭരണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും. കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം അതത് ബ്ലോക്ക് പഞ്ചായത്തുകളിലെ കൃഷി ഭവനുകള്‍ മുഖേനയാണ് വിതരണം. ഡബ്ല്യു.സി.ടിയ്ക്ക് ഒന്നിന് 100 രൂപയാണ് വില. കൃഷിഭവനുകളിലൂടെ വിതരണം ചെയ്യുമ്പോള്‍ അന്‍പത് ശതമാനം സബ്‌സിഡി ലഭിക്കും. ഹൈബ്രീഡിന് 250 രൂപയാണ് വിലയെങ്കിലും സര്‍ക്കാര്‍ സബ്‌സിഡിയുള്ളതിനാല്‍ 125 രൂപയ്ക്ക് കര്‍ഷകര്‍ക്ക് കിട്ടും. തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിലെ 17 ഏക്കറിലാണ് തെങ്ങിന്‍ തൈകളുടെയും ഫലവൃക്ഷ തൈകളുടെയും ഉത്പ്പാദനം. ഇതിന് പുറമെ കര്‍ഷകര്‍ക്കായി അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും ഇവിടെ തയ്യാറാക്കുന്നുണ്ട്.
എല്ലാ വര്‍ഷവും ജൂലായിലാണ് തെങ്ങിന്‍ തൈകളുടെ വിതരണം തുടങ്ങുക. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലയില്‍ നിന്നെല്ലാം തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യക്കാരുണ്ടാകാറുണ്ടെന്ന് സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം അബ്ദുറസാഖ് പറഞ്ഞു. ജീവനി പദ്ധതി പ്രകാരം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പരപ്പനങ്ങാടി നഗരസഭാ പരിധികളിലെ കൃഷി ഭവനുകളിലൂടെ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കാന്‍ 25,000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. അവയെല്ലാം തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിലാണ് വളര്‍ത്തിയെടുത്തത്.
തക്കാളി ( ശക്തി), മുളക് ( ഉജ്ജ്വല ), വഴുതന (ഹരിത ), വെള്ളരി (മുടിക്കോട് ലോക്കല്‍), പന്നിയൂര്‍ ഇനത്തില്‍പ്പെട്ട കുറ്റി കുരുമുളക് എന്നിവയും ദീര്‍ഘകാല പച്ചക്കറി ഇനങ്ങളായ അഗത്തി ചീര, കുരുമുളക്, മുരിങ്ങ, ഹൈബ്രിഡ് ഇനമായ സപ്ന പപ്പായ, കമുക് (സുമം ഗള) എന്നിവയും ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്. വിത്തിന് മാത്രമായി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിച്ച പയര്‍ ( ജ്യോതിക ), കയ്പ ( പ്രീതി), പടവലം (കൗമുദി), മത്തന്‍ (അമ്പിളി) എന്നിവയും നട്ടുവളര്‍ത്തുന്നുണ്ട്. 17 ഏക്കറിലെ ഫാമില്‍ 26 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഫാമിലെ അഞ്ച് കിണറുകളില്‍ നിന്നാണ് ജലസേചനം. വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള റെയിന്‍ ഷെല്‍ട്ടറുകള്‍ ആനക്കയത്തെ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നവീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.










