ലഹരിക്കെതിരെ ഒരു നവകേരള ഭൂപടം തീർത്ത് വിദ്യാർത്ഥികൾ

കേരളപ്പിറവി ദിനത്തിൽ ലഹരിയോട് 'നോ' പറഞ്ഞ് കുരുന്നുകൾ. ആയിരം വിദ്യാർഥികൾ തോളോടുതോൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങൾ, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി വിവിധ കലാപരിപാടികൾ തേക്കിൻകാട് മൈതാനിയിലെ ലഹരിവിമുക്ത നവകേരളം പരിപാടിക്ക് നിറംപകർന്നു.
പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, എക്സൈസ് വകുപ്പുകളും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി ഒരുമാസമായി നടത്തിവരുന്ന നോ ടു ഡ്രഗ്സ് ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് തേക്കിൻകാട് മൈതാനം തെക്കേഗോപുര നടയിൽ ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ മുഖ്യാതിഥിയായി.
തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ മോഡൽ ഗേൾസ് വിവേകോദയം, സി എം എസ് സ്കൂളുകളിലെ വിദ്യാർഥികൾ കേരളത്തിന്റെ ഭൂപടം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഐ ടി ബി പി ബറ്റാലിയനും നേതൃത്വം നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ പ്രേം കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യവകുപ്പിന് വേണ്ടി പുനർജനി ജീവജ്വാല കലാസമിതി 'ശാന്തിപുരം ബസാർ' നാടകം അവതരിപ്പിച്ചു.
യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സംഗീത ശിൽപം, സെന്റ് മേരീസ് കോളേജിലെ 100 വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാർട്സ് സ്കൂൾ വിദ്യാർത്ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറി.