കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമുള്ള ഡോക്ടർമാരുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. മതിയായ ഡോക്ടർമാർ ഇല്ലാത്ത 12 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എൽഎസ്ജിഡി ഫണ്ട് ഉപയോഗിച്ച് ഡോക്ടർമാരെ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ഡിഎംഒക്ക് നിർദ്ദേശം നൽകി.
വയോജന വിഭവ കേന്ദ്രത്തിന്റെ സുശാന്തം പദ്ധതി ഗുണഭോക്താക്കളിൽ കൃത്യമായി എത്തുന്നുണ്ടോയെന്ന് സാമൂഹ്യ നീതി വിഭാഗം ശ്രദ്ധിക്കണമെന്നും പകൽ വീടുകളുടെ ഉപയോഗവും പരിപാലനവും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചാലക്കുടി അതിരപ്പിള്ളി വാഴച്ചാൽ മേഖലകളിലുള്ള വന്യമൃഗശല്യം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. ഡിഎഫ്ഒമാർ പഞ്ചായത്തുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുത്ത് പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും നിർദേശമുയർന്നു.
ജില്ലയിലെ വിവിധ റോഡുകളുടെ നിർമാണവും അമൃത് പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡുകളുടെ പുനർനിർമ്മാണ പ്രവൃത്തികളും പൂർത്തീകരിക്കണമെന്ന് എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടു.