പ്രായം വെറും സംഖ്യ മാത്രം; ആഘോഷമായി വയോജന കലോത്സവം

post

വാര്‍ധക്യം ഒറ്റപ്പെടലിന്റേതല്ലെന്നും പ്രായം സംഖ്യമാത്രമാണെന്നും ഇവര്‍ വിളിച്ചു പറയുന്നത് അരങ്ങില്‍ തകര്‍ത്താടിക്കൊണ്ടാണ്. ചെറുകുന്ന് പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വയോജന കലോത്സവം പങ്കാളികളുടെ ആവേശം കൊണ്ട് വേറിട്ടതായി.

ചെറുകുന്നിലെ പി വി വത്സല 65-ാം വയസിലാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വീട്ടില്‍ ചടഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാത്ത ഇവര്‍ ചിലങ്കയണിഞ്ഞ് നാടോടി നൃത്തം അവതരിപ്പിച്ചു. 70 വയസു കഴിഞ്ഞ ശാരദ ശേഖരന്റെ നേതൃത്വത്തില്‍ ഒമ്പത് പേര്‍ സംഘനൃത്തവും അവതരിപ്പിച്ചു. നാടന്‍പാട്ട്, നാട്ടിപ്പാട്ട്, സിനിമാ ഗാനാലാപനം, ഒപ്പന, തിരുവാതിര തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ വിശ്രമവേളകളിലാണ് കലാ പരിശീലനം നടത്തിയത്.

വയോജനങ്ങളുടെ കൂട്ടായ്മയ്ക്കായി കുടുബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജില്ലയില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. ചെറുകുന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് വീതം വയോജന അയല്‍ക്കൂട്ടങ്ങളുണ്ട്. 60 വയസു കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും അയല്‍ക്കൂട്ടങ്ങളില്‍ സജീവമാണ്. പഞ്ചായത്ത് പ്രസിഡണ്ട് കെ പി നിഷയും മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണ് കലോത്സവം എന്ന ആശയം നടപ്പാക്കിയത്. കൊവ്വപ്പുറം എ കെ ജി സെന്ററില്‍ നടന്ന കലോത്സവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്തു.