അട്ടപ്പാടിയിൽ 'മിഷൻ 2022' പി.എസ്.സി പരിശീലനം

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി യുവാക്കളെ സർക്കാർ തലത്തിൽ തൊഴിൽ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കൾക്ക് 'മിഷൻ 2022' എന്ന പേരിൽ സംഘടിപ്പിച്ച റെസിഡൻഷ്യൽ പി.എസ്.സി പരിശീലനത്തിൽ 44 യുവാക്കൾ പങ്കെടുത്തു. മൂന്ന് മാസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. മത്സര പരീക്ഷകളുടെ സിലബസിന് ഊന്നൽ നൽകി വ്യക്തിത്വ വികസനം, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കോച്ചിങ് ക്യാമ്പ് സന്ദർശിച്ച് യുവാക്കളുമായി സംവദിക്കുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്തു. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കി അവരെ ലഹരിയുടെയും മറ്റ് സാമൂഹ്യ തിന്മകളുടെയും പിടിയിൽപ്പെടാതെ സംരക്ഷിക്കാനും പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നു. പി.എസ്.സിയുടെ വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത യുവാക്കളാണ് പരിശീലന ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് കുടുംബശ്രീ വരുന്ന മാസങ്ങളിൽ തുടർപരീശീലനങ്ങൾ നൽകുമെന്ന് കുടുംബശ്രീ അറിയിച്ചു.