ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന മികവിന് എസ്.എസ്.കെ രൂപരേഖ തയ്യാറാക്കി

ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണ ഉറപ്പാക്കുന്നതിന് ആസ്പിരേഷണല്‍ ജില്ലയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം പദ്ധതി നടപ്പാക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭാഷാശേഷി, ഗണിതശേഷി, ശാസ്ത്രാഭിരുചി എന്നിവ ഉറപ്പാക്കുന്നതിനോടൊപ്പം പഠന പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം.
സഹവാസ ക്യാമ്പുകള്‍, നാടക ക്യാമ്പുകള്‍, ശാസ്ത്ര പരീക്ഷണ-നിരീക്ഷണ അവസരങ്ങള്‍, മീഡിയ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ അനുഭവം കുട്ടികളില്‍ എത്തിക്കുക എന്നതും വിദ്യാലയ പ്രവര്‍ത്തനത്തോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുക എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നു. ആദ്യ ഘട്ടത്തിന് ശേഷം ജില്ലയിലെ എല്ലാ സമഗ്ര ശിക്ഷാ പഠന കേന്ദ്രങ്ങളിലും പ്രവൃത്തനം വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ആശയ രൂപീകരണ ശില്പശാല ലക്കിടിയില്‍ സംഘടിപ്പിച്ചു.