ലഹരിക്കെതിരെ ബൈസൺവാലിയിൽ യോദ്ധാവ് പദ്ധതി

കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ കീഴിൽ രാജാക്കാട് ജനമൈത്രി പോലീസ് സ്റ്റേഷൻ നടത്തിവരുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ബൈസൺവാലി ഗ്രാമപഞ്ചായത്തിന്റെയും ബൈസൺവാലി മർച്ചന്റ്സ് അസോസിയേഷന്റെയും ലയൺസ് ക്ലബ്ബിന്റെയും ഇതര സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ബൈസൺവാലിയിൽ ലഹരി വിരുദ്ധ പൊതുജന റാലിയും പൊതുസമ്മേളനവും വടംവലി മത്സരവും സംഘടിപ്പിച്ചു.
നാൽപ്പതേക്കർ ടൗണിൽ നിന്നായിരുന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ലഹരിവിരുദ്ധ പൊതുജന റാലി ആരംഭിച്ചത്. വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ, വ്യാപാരികൾ, ലയൺസ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ റാലിയിൽ പങ്ക് ചേർന്നു. ബൈസൺവാലി സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ ഗ്രാണ്ടിൽ റാലി സമാപിച്ച ശേഷം പൊതു സമ്മേളനത്തിന് തുടങ്ങി.
പൊതു സമ്മേളനം ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിപാടിയുടെ പ്രചാരണാർത്ഥം ജില്ലാ വടംവലി മത്സരം നടത്തി. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി മുപ്പത്തിമൂന്നോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.