ലഹരിവിരുദ്ധ സന്ദേശം നൽകി ബോധവൽക്കരണ റാലി

post

ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച ബോധവൽക്കരണ റാലിയിൽ നൂറു കണക്കിന് എസ്.പി.സി കുട്ടികൾ അണിനിരന്നു. വെള്ളക്കയത്ത് നിന്ന് ആരംഭിച്ച റാലി 2.45ന് ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിമുക്ത സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹൈസ്കൂളിലെയും പൈനാവ് എം. ആർഎസ് സ്കൂളിലെ കുട്ടികളുമാണ് റാലിയിൽ അണി നിരന്നത്.

ബോധവൽക്കരണ റാലി ചെറുതോണിയിൽ എത്തിയപ്പോൾ ജില്ലാ പോലിസ് മേധാവി വി.യു. കുര്യാക്കോസ് ലഹരി വിമുക്ത സന്ദേശം നൽകി. വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെ 8,9 ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ടൗണിൽ നടന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ലഹരി ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കൈപുസ്തകവും വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കാളിങ്ങ് എന്നിവ വിതരണം ചെയ്തു. തുടർന്ന് ചെറുതോണി ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിന്റെ മുന്നോടിയായി മലപ്പുറം പ്യൂപ ക്രീയേറ്റീവ് തീയേറ്റർ സംഘടിപ്പിച്ച പപ്പറ്റ് ഷോയും അരങ്ങേറി.