'ഭാസുര' സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 28ന്

ഗോത്രവർഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ 'ഭാസുര'യുടെ രണ്ടാം വർഷ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 28ന് രാവിലെ 10.30ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഓൺലൈനായി നിർവഹിക്കും. അട്ടപ്പാടി അഗളി പഞ്ചായത്ത് ഇ.എം.എസ്. ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ ദേശീയ പുരസ്കാര ജേതാവും ഗായികയുമായ നഞ്ചിയമ്മയെ പരിപാടിയിൽ ആദരിക്കും.
ഭക്ഷ്യഭദ്രത നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദിവാസി/ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പൊതുവിതരണ ശൃംഖല വഴിയുള്ള ഭക്ഷ്യധാന്യ വിതരണം സുഗമവും കാര്യക്ഷമവും ആക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗോത്രവർഗ്ഗ വനിത ഭക്ഷ്യഭദ്രത കൂട്ടായ്മയാണ് ഭാസുര. പരിപാടിയിൽ അങ്കണവാടി അധ്യാപകർ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവർക്കുള്ള പരിശീലനവും നടക്കും.